വാഷിംഗ്ടണ്‍ ഡിസി: വീണ്ടുമൊരു ഗവണ്മെന്റ് സ്തംഭനം ഒഴിവാക്കുന്നതിന് ഡമോക്രാറ്റിക് പാർട്ടി മുന്നോട്ടു വച്ച 1.375 ബില്യൻ ഡോളറിന്റെ ബില്ലിൽ പ്രസിഡന്റ് ട്രംപ് ഒപ്പിടുമെന്നും, തുടർന്ന് അതിർത്തി മതിലിന്റെ പണി പൂർത്തിയാക്കുന്നതിനുള്ള തടസങ്ങൾ ഒഴിവാക്കുന്നതിന് യുഎസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു സൈന്യത്തെ മതിൽ പൂർത്തിയാക്കുന്ന പണി ഏൽപിക്കുമെന്നും വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ പ്രസിഡന്റിനു ലഭിക്കുന്ന അധികാരം ഉപയോഗിച്ചു അതിർത്തി മതിൽ പണിയുന്നതിന് സ്വകാര്യ വ്യക്തികളുടെ ഭൂമി പിടിച്ചെടുക്കുന്നതിനും മറ്റു ഡിപ്പാർട്ട്മെന്റിൽ നിന്നും കൂടുതൽ ഫണ്ട് കണ്ടെത്തുന്നതിനും കഴിയുമെന്ന് അധികൃതർ അറിയിച്ചു.
സെനറ്റ് ഭൂരിപക്ഷ പാർട്ടിയുടെ ലീഡർ മിച്ചു മെക്കോണൽ ഇതു സംബന്ധിച്ചു നേരത്തെ സൂചന നൽകിയിരുന്നുവെങ്കിലും വ്യാഴാഴ്ച വൈകിട്ടാണ് വൈറ്റ് ഹൗസിൽ നിന്നും ഒൗദ്യോഗിക അറിയിപ്പുണ്ടായത്.
നാഷനൽ എമർജൻസി പ്രഖ്യാപിച്ചാൽ നിയമപരമായി നേരിടുന്നതിന് ഇതിനകം തന്നെ നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ എല്ലാ പഴുതുകളും അടച്ചാണ് എമർജൻസി പ്രഖ്യാപിക്കുകയെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ ഹക്കബി പറഞ്ഞു. ഫെബ്രുവരി 16 വെള്ളിയാഴ്ച മാത്രമേ ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനം പ്രഖ്യാപനമുണ്ടാകൂ.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഗവണ്മെന്റ് സ്തംഭനം ഒഴിവാക്കാൻ ട്രംപ് ബില്ലിൽ ഒപ്പിടും; മതിൽ പണിയാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
09:34 PM Feb 15, 2019 | Deepika.com