ഷിക്കാഗോ: ജൂലൈ 17 മുതൽ 20 വരെ ഹിൽട്ടണ്‍ ഷിക്കാഗോ ഓക് ബ്രൂക്ക് സ്യൂട്ട്സ് ആൻഡ് ഡറി ലെയിൻ കോണ്‍ഫറൻസ് സെന്ററിൽ ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസിൽ മുഖ്യ പ്രഭാഷകനായി ഫാ. ഡോ. ഒ. തോമസ് എത്തുന്നു.
ദൈവശാസ്ത്രത്തിലും മനശാസ്ത്രത്തിലും കൗണ്സിലിംഗിലും അഗാധമായ ഗവേഷണ പഠനം നടത്തി ഡോക്ടറേറ്റ് കരസ്ഥമാക്കിയതിലും ഉപരിയായി പ്രശ്നസങ്കീർണമായ ജീവിതത്തെ അഭിമുഖീകരിക്കുന്ന ആധുനിക മനുഷ്യന് സാന്ത്വനമേകുവാൻ ഒരുത്തമ വഴികാട്ടിയായി പാസ്റ്ററൽ കൗണ്‍സിലർ എന്ന നിലയിൽ പ്രവർത്തിച്ചുവരുന്നു.
കാലംചെയ്ത ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ പ്രിയ ശിഷ്യനെന്ന നിലയിൽ ശക്തിയേറിയതും ദർശനമേ·യോടുമുള്ള ദൈവനിയോഗം ഏറ്റെടുത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ആത്മീയ പിതാവാണ് ഇദ്ദേഹം. വൈദീകരാകുവാനുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന ഒരു ഉത്തമ അധ്യാപകനെന്ന നിലയിൽ ക്രൈസ്തവ ലോകത്തിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ബഹുമാനപ്പെട്ട അച്ചൻ.
നിരവധി ഗ്രന്ഥങ്ങളും ഈടുറ്റ ലേഖനങ്ങളും സാമൂഹ്യ പ്രതിബദ്ധതയോടെ രചിച്ച അച്ചൻ തിരുവചന പ്രഘോഷണ രംഗത്ത് പ്രഭാഷണത്തിൽ സന്ദേശംകൊണ്ടും ചലനാത്മകതകൊണ്ടും ക്രിയാത്മകമായ വിമർശനങ്ങൾകൊണ്ടും ശ്രദ്ധേയനാണ്.
മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷനും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപനും കൂടിയായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ 2019 ജൂലൈ 17ന് കോണ്‍ഫറൻസിന്റെ ഉദ്ഘാടനം നിർവഹിക്കും. ജൂലൈ 19നു ഭദ്രാസനം ആരംഭിച്ചതിന്റെ പത്താം വാർഷികാഘോഷങ്ങൾ സമുചിതമായി കൊണ്ടാടും.
ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി ചടങ്ങുകളിൽ അധ്യക്ഷത വഹിക്കും. ഭദ്രാസന സെക്രട്ടറി, ഭദ്രാസന കൗണ്‍സിൽ അംഗങ്ങൾ, ഷിക്കാഗോയിലെ വിവിധ ദേവാലയങ്ങളിലെ വൈദീകർ, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ അടങ്ങിയ വിവിധ കമ്മിറ്റികൾ നാലു ദിവസം നീണ്ടു നിൽക്കുന്ന കോണ്‍ഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഫാ. ഡോ. ഒ. തോമസ് ഷിക്കാഗോ ഫാമിലി കോണ്‍ഫറൻസിൽ മുഖ്യ പ്രഭാഷകൻ
11:02 PM Feb 13, 2019 | Deepika.com