ഹൂസ്റ്റണ്: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ കേരളാ ഹൗസിൽ (Kerala House 1415, Packer Lane, Stafford, TX 77477) വച്ചു ഡോ. മജു ചാക്കോയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഫ്രീ ഫ്ളൂ വാക്സിൻ മെഡിക്കൽ ക്യാന്പ് ഇൻഷുറൻസ് ഇല്ലാത്ത നൂറുകണക്കിന് ആളുകൾക്ക് പ്രയോജനപ്രദമായി.
ശനിയാഴ്ച രാവിലെ 9ന് ആരംഭിച്ച ക്യാന്പിൽ മാഗ് പ്രസിഡന്റ് മാർട്ടിൻ ജോണ് അധ്യക്ഷതവഹിച്ചു. തുടർന്നു സെക്രട്ടറി വിനോദ് വാസുദേവൻ ക്യാന്പിൽ വന്നുചേർന്നവരെ സ്വാഗതം ചെയ്തു.
സ്റ്റാഫോർഡ് സിറ്റി കൗണ്സിൽമാൻ കെൻ മാത്യു ക്യാന്പ് ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ബോർഡ് അംഗങ്ങളും വന്നുചേർന്നവരും അദ്ദേഹത്തിന് ജന്മദിനാശംസകൾ അർപ്പിച്ചതോടൊപ്പം ഡോ. പൊന്നുപിള്ള മധുരവും നൽകി.
ബോർഡ് മെന്പർമാരായ റെനി കവലയിൽ, മാത്യു പന്നപ്പാറ, ആൻഡ്രൂ ജേക്കബ്, പ്രമോദ് റാന്നി, ഷിനു ഏബ്രഹാം, ജോസ് കെ. ജോണ് എന്നിവർ ക്യാന്പിനു നേതൃത്വം നൽകി. ഫെസിലിറ്റി മാനേജർ മോൻസി കുര്യാക്കോസ് ക്യാന്പിനുവേണ്ട ക്രമീകരണങ്ങൾ നടത്തി.
ഇന്തോ അമേരിക്കൻ നഴ്സസ് അസോസിയേഷനിലെ ക്ലാരമ്മ മത്തായിയുടെ നേതൃത്വത്തിൽ അംഗങ്ങൾ പ്രവർത്തിച്ചു. ക്യാന്പിൽ മുൻ പ്രസിഡന്റുമാരായ ഏബ്രഹാം കെ. ഈപ്പൻ, ജോഷ്വാ ജോർജ്, മാത്യു മത്തായി, സുരേന്ദ്രൻ കോരൻ, തോമസ് ചെറുകര, ഡോ. പൊന്നുപിള്ള എന്നിവർ ക്യാന്പ് സന്ദർശിച്ചു ആശംസകൾ നേർന്നു. ഉച്ചയ്ക്ക് ഒന്നിന് പര്യവസാനിച്ച ക്യാന്പിൽ വന്നുചേർന്നവർക്ക് മാഗ് പ്രസിഡന്റ് മാർട്ടിൻ ജോണ് നന്ദി പ്രകാശിപ്പിക്കുകയും തുടർന്ന് പ്രഭാതഭക്ഷണവും നൽകി ക്യാന്പ് പര്യവസാനിക്കുകയും ചെയ്തു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
മാഗിന്റെ ഫ്ളൂ വാക്സിൻ മെഡിക്കൽ ക്യാന്പ് വൻ വിജയമായി
09:52 PM Feb 12, 2019 | Deepika.com