ലോസ്ആഞ്ചലസ്: അറുപത്തിയൊന്നാം ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെയ്സി മസ്ഗ്രേവ്സും ചൈല്‍ഡിഷ് ഗാംബിനോയും നാലു പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. ഗാംബിനോയുടെ ദിസ് ഈസ് അമേരിക്കയാണ് സോംഗ് ഓഫ് ദി ഇയറും റിക്കോര്‍ഡ് ഓഫ് ദ ഇയറും.
കെയ്സിയുടെ ഗോള്‍ഡന്‍ അവറാണ് ആല്‍ബം ഓഫ് ദി ഇയര്‍. സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി പുരസ്കാരം ലേഡി ഗാഗയ്ക്കാണ്. മികച്ച സോളോ പെര്‍ഫോമന്‍സ്, മികച്ച ആല്‍ബം, മികച്ച ഗാനം എന്നിവയ്ക്കുള്ള ഗ്രാമിയാണു കെയ്സി നേടിയത്. എ സ്റ്റാര്‍ ഈസ് ബോണിലെ ഷാലോ എന്ന ഗാനം പോപ് ഡ്യൂയറ്റ് വിഭാഗത്തിലും ലേഡി ഗാഗയ്ക്ക് പുരസ്കാരം നേടിക്കൊടുത്തു. ഈ ഗാനത്തിനു ബ്രാഡ്ലി കൂപ്പറിനും പുരസ്കാരമുണ്ട്. പുതുമുഖ ഗായികയ്ക്കുള്ള പുരസ്കാരം ദുവാ ലിപയ്ക്കാണ്. മികച്ച വോക്കല്‍ ആല്‍ബം അരിയാന ഗ്രാന്‍ഡെയുടെ സ്വീറ്റ്നര്‍ . പുതുതലമുറ ആല്‍ബത്തിനുള്ള ഗ്രാമി ഒപിയം മൂണിനാണ്.
അമേരിക്കന്‍ ഗായകന് ക്രിസ് കോര്‍ണലിന് മരണാനന്തര ബഹുമതിയായി ഗ്രാമി ലഭിച്ചു. 84 വിഭാഗങ്ങളിലാണ് ഗ്രാമി പുരസ്കാരം പ്രഖ്യാപിച്ചത്. ലോസ്ആഞ്ചലസിലെ സ്റ്റേപ്പിള്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം നല്‍കിയത്.
ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കെയ്സിയുടെ ഗോൾഡൻ അവർ ആൽബം ഓഫ് ദി ഇയർ
12:18 AM Feb 12, 2019 | Deepika.com