ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ സുതാര്യതയില്ല: ടി.സി. മാത്യു

10:25 PM Jan 21, 2019 | Deepika.com
നെടുന്പാശേരി: കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി കേരള ജനത പ്രകടിപ്പിച്ച ഐക്യവും സഹകരണ മനോഭാവവും ഏറെ പ്രശംസനീയമാണെങ്കിലും പ്രളയാനന്തര കേരളത്തിൽ നടന്ന നിർമാണ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹം ഉൾപ്പെടെയുള്ളവർ നൽകിയ സഹായധനം അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിചേർന്നുവോ എന്നതിൽ സുതാര്യതയില്ലെന്ന് ദീപിക സീനിയർ അസോസിയേറ്റ് എഡിറ്റർ ടി.സി. മാത്യു. പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ "പ്രവാസി സമൂഹവും നവകേരള നിർമാണവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ഒഴുകിയെത്തിയ സഹായധനത്തിന്‍റെ കണക്കുകൾ ഒരു പക്ഷെ ഗവൺമെന്‍റ് സൂക്ഷിക്കുന്നുണ്ടെങ്കിലും ആർക്ക്, എന്തെല്ലാം നൽകി എന്നതിനെകുറിച്ച് ഒരു വ്യക്തതയുമില്ല. വെള്ളപൊക്കത്തിൽ സർവതും നഷ്ടപ്പെട്ടവരിൽ 10,000 രൂപ പോലും ലഭിക്കാത്തവർ നിരവധിയാണ്. എന്നാൽ ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ലക്ഷക്കണക്കിന് രൂപ ലഭിച്ചതിന് തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

വീക്ഷണം റസിഡന്‍റ് എഡിറ്റർ എൻ. ശ്രീകുമാർ, വേണു പരമേശ്വർ (ദൂരദർശൻ), മസൂർ മുഹമ്മദ് (ജീവൻ ടിവി), വനിതാ കമ്മീഷൻ അംഗം ഷാഹിത കമാൽ, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ജോസ് കാനാട്ട് തുടങ്ങിയവർ സംസാരിച്ചു. കോഓർഡിനേറ്റർ തനന്പു സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളേയും പാനലിസ്റ്റുകളേയും പ്രവാസി മാധ്യമപ്രവർത്തകൻ പി.പി ചെറിയാൻ സദസിനു പരിചയപ്പെടുത്തി. ജോസ് കാനാട്ട് നന്ദി പറഞ്ഞു.