അശരണര്‍ക്ക് ആശ്വാസമേകി ഫോമായുടെ മെഡിക്കല്‍ ക്യാമ്പുകള്‍ സമാപിച്ചു.

12:04 PM Jan 21, 2019 | Deepika.com
തിരുവല്ല: ഏഴു ദിവസങ്ങള്‍, ഏഴു ക്യാമ്പുകള്‍, അശരണരായ നിരവധി രോഗികള്‍, അവര്‍ക്കൊപ്പം സര്‍വ്വസന്നാഹവുമായി വലിയ ഒരു മെഡിക്കല്‍ ടീം, ഇതായിരുന്നു കഴിഞ്ഞയാഴ്ച കേരളത്തിലെ വിവിധ ജില്ലകളില്‍ വിപുലമായി നടന്നുകൊണ്ടിരുന്ന ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, ഇത്രയും നല്ല പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച ഫോമായുടെ ചാരിറ്റി കമ്മറ്റിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഫോമാ മെഡിക്കല്‍ സര്‍ജിക്കല്‍ മിഷന്റെ ചെയര്‍മാന്‍ ജിജു കുളങ്ങരയുടെ നേതൃത്വത്തില്‍ നടന്ന ഈ സൗജന്യ ചികത്സാ ക്യാമ്പുകള്‍ വളരെ വിജകരമായി പര്യവസാനിച്ചതില്‍ ഫോമായ്ക്കും, ലെറ്റ് ദെം സ്മയില്‍ എഗൈന്‍ എന്ന സംഘടനയ്ക്കും അഭിമാനിക്കാം. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് ട്രെഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അമേരിക്കയില്‍ നിന്നും നാട്ടിലെത്തി എല്ലാ മെഡിക്കല്‍ ക്യാമ്പുകള്‍ക്കും മുന്നൊരുക്കം നടത്തി. ഇവരുടെ സജീവ സാന്നിധ്യം എല്ലാ മെഡിക്കല്‍ ക്യാംപുകളിലുമുണ്ടായിരുന്നു.

പ്രളയാനന്തര കേരളത്തിലെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി. ചെറുതും വലുതുമായ നിങ്ങളുടെ ഓരോ സഹായങ്ങളും എത്തേണ്ട കൈകളില്‍ ഫോമ എത്തിച്ചുകൊണ്ടിരിക്കുന്നു.

ആരോടും പരിഭവവും, പരാതികളുമില്ലാതെ, തങ്ങളെ ഭരമേല്പ്പിച്ച വലിയ ഒരു ദൗത്യം വളര ഭംഗിയായി നിറവേറ്റാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും അറിയിച്ചു.

റിപ്പോര്‍ട്ട്: പന്തളം ബിജു തോമസ്, ഫോമാ പിആര്‍ഒ