ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിനു യാത്രയയപ്പ് നല്‍കി

12:28 PM Jan 18, 2019 | Deepika.com
ഷിക്കാഗോ: കഴിഞ്ഞ നാലു വര്‍ഷമായി സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയും, ഷിക്കാഗോയിലെ പതിനഞ്ച് ഇടവകകളുടെ കൂട്ടായ്മയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ റവ ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിനു സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

സീറോ മലബാര്‍ കത്തീഡ്രലില്‍ കൂടിയ യാത്രയയപ്പ് സമ്മേളനത്തില്‍ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് നിരവധി വൈദീകരും, കൗണ്‍സില്‍ അംഗങ്ങളും അഗസ്റ്റിനച്ചന്റെ വിനയപൂര്‍വ്വമായ പെരുമാറ്റത്തിലൂടെ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിനു നല്‍കിയ നേതൃത്വത്തെ പ്രശംസിക്കുകയും, വരുംകാലങ്ങളില്‍ അച്ചന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നല്‍കട്ടെ എന്നു ആശംസിക്കുകയും ചെയ്തു.

അഗസ്റ്റിനച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ നല്കിയ എല്ലാ സഹകരണങ്ങള്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും, ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിനോടൊത്ത് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത് ഒരു ദൈവാനുഗ്രഹമായി കാണുന്നുവെന്നും, കൗണ്‍സിലിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ എന്നു ആസംസിക്കുകയും ചെയ്തു.

യാത്രയയപ്പ് യോഗത്തിന് എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ജോണ്‍ മത്തായി, വൈസ് പ്രസിഡന്റ് ഫാ. ബഞ്ചമിന്‍ ജേക്കബ്, സെക്രട്ടറി ടീന തോമസ്, ജോയിന്റ് സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു, ട്രഷറര്‍ ആന്റോ കവലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം