ഡാളസ്: തിരുവല്ല അസോസിയേഷൻ ഓഫ് ഡാളസിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം പ്ലാനോയിൽലുള്ള മിനർവ ബാങ്ക്വറ്റ് ഹാളിൽ നടത്തപ്പെട്ടു. ഡാളസ് സെന്റ് പോൾസ് മാർത്തോമ്മ ഇടവക വികാരി റവ. മാത്യു ജോസഫ് മുഖ്യസന്ദേശം നൽകി. രക്ഷകന്റെ മുന്പിൽ സകലവും സമർപ്പിക്കുന്പോഴാണ് ഒരുവന് ഈ ലോകജീവിതത്തിൽ പൂർണത നേടുവാൻ കഴിയുകയുള്ളു. പുതുവർഷം ഏവർക്കും അതിന് ഇടയാകട്ടെ എന്ന് റവ.മാത്യു ജോസഫ് ഉത്ബോധിപ്പിച്ചു.
സോണി ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടികളിൽ സുനിൽ തലവടി സ്വാഗതം ആശംസിച്ചു. സുനു മാത്യു മുഖ്യാഥിതിയെ സദസിന് പരിചയപ്പെടുത്തി. ഡാളസ് മലയാളീ അസോസിയേഷനെ പ്രതിനിധാനം ചെയ്ത് ബിജു ലോസണ്, ഇന്ത്യ പ്രസ്ക്ലബ് ഡാളസ് ചാപ്റ്റർ പ്രസിഡന്റ് ടി.സി.ചാക്കോ, കേരള എക്യൂമെനിക്കൽ ചർച്ച് ഫെല്ലോഷിപ് ഡാളസ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ, റാന്നി അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഡാളസിലെ തിരുവല്ലാക്കാരായ അനേകർ പങ്കെടുത്ത സമ്മേളനത്തിൽ എറിൻ പോൾ, ലിഡിയ, നിയ, അലക്സാ, ജോർജ് വർഗീസ്, അലക്സ് പാപ്പച്ചൻ, സാബു എന്നിവരുടെ മനോഹരമായ ഗാനങ്ങളും, ജോന്നായുടെ നേതൃത്വത്തിലുള്ള നൃത്തങ്ങളും ആഘോഷങ്ങൾക്ക് കൊഴുപ്പേകി. ഡിന്നറോടുകൂടി പര്യവസാനിച്ച പരിപാടികൾക്ക് സെക്രട്ടറി ബിജു വർഗീസ്, ട്രഷറാർ തോമസ് എബ്രഹാം എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: ഷാജി രാമപുരം
തിരുവല്ല അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ് നവവത്സരാഘോഷം നടത്തി
10:36 PM Jan 17, 2019 | Deepika.com