കുവൈത്ത് സിറ്റി: സയൻസ് ഇന്റർ നാഷണൽ ഫോറം കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസും പ്രദർശനവും സംഘടിപ്പിച്ചു. ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ശാന്ത മരിയ ജയിംസ്, യൂണിമണി മാർക്കറ്റിംഗ് ഹെഡ് രഞ്ജിത് പിള്ള, കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞർ, സിഫ് കുവൈത്ത് പ്രസിഡൻറ് പ്രശാന്ത് നായർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര രചനാ മത്സരം ’ഇഗ്നൈറ്റ് 2018’ വിജയികൾക്കുള്ള പുരസ്കാര വിതരണവും നടന്നു. 14 ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 46 ടീമുകൾ രണ്ടു വിഭാഗങ്ങളിലായി മത്സരിച്ച ശാസ്ത്രപ്രദശർനം ആയിരത്തിലധികം പേർ സന്ദർശിച്ചു. അനുബന്ധമായി നടന്ന ചെറുമത്സരങ്ങളിൽ മുന്നൂറിലധികം പേർ പങ്കെടുത്തു. വിജയിച്ച ടീമുകൾ ഡിസംബർ 27 മുതൽ 31 വരെ ഭുവനേശ്വറിൽ നടക്കുന്ന നാഷനൽ ചിൽഡ്രൻസ് സയൻസ് കോണ്‍ഗ്രസിൽ കുവൈത്തിനെ പ്രതിനിധാനംചെയ്ത് പങ്കെടുക്കും.
സീനിയർ വിഭാഗത്തിൽ ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി (ഡോണ്‍ ബോസ്കോ), ഭാരതീയ വിദ്യാഭവൻ കുവൈത്ത് എന്നീ സ്കൂളുകളിൽ നിന്നുള്ള രണ്ടു ടീമുകളും ജൂനിയർ വിഭാഗത്തിൽ ഇന്ത്യൻ ലേണേഴ്സ് ഓണ്‍ അക്കാദമി, സ്മാർട്ട് ഇന്ത്യൻ സ്കൂൾ എന്നീ സ്കൂളുകളിൽ നിന്നുള്ള രണ്ടു ടീമുകളും നാഷണൽ സയൻസ് കോണ്‍ഗ്രസിൽ പങ്കെടുക്കാൻ അർഹത നേടി. വിജയികൾക്കുള്ള സമ്മാനദാനം സയൻസ് ഗാലയിൽ നടത്തപ്പെടും. ഭാരത സർക്കാർ നാഷണൽ കൗണ്‍സിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്യൂണിക്കേഷന്റെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വർഷംതോറും സംഘടിപ്പിക്കുന്ന നാഷണൽ സയൻസ് കോണ്‍ഗ്രസിനോടനുബന്ധിച്ചാണ് കുവൈത്തിൽ കെസിഎസ്സി സംഘടിപ്പിച്ചത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസും പ്രദർശനവും സംഘടിപ്പിച്ചു
09:09 PM Dec 14, 2018 | Deepika.com