റിയാദ്: റിയാദിലെ കുടുംബ കൂട്ടായ്മയായ ’തറവാട്’ ഡിസംബർ 7 വെള്ളിയാഴ്ച കളിവീട്ടിൽ ആർട്സ് ഡേ സംഘടിപ്പിച്ചു. അംഗങ്ങളെ അകത്തളം, നടുമുറ്റം എന്നുള്ള രണ്ടു ടീമുകളായി തിരിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്.
പ്രഭാത ഭക്ഷണത്തിനു ശേഷം കലാമത്സരങ്ങൾ അരങ്ങേറി. രണ്ടു ഗ്രൂപ്പുകളിലെയും മത്സരാർഥികൾ കരുത്തോടെ മാറ്റുരച്ചു. കാര്യനിർവാഹക സമിതി അംഗങ്ങളായ വി.പി. ശശി (കാരണവർ), എസ് ത്യാഗരാജൻ (കാര്യദർശി), സോണി ഈപ്പൻ (ഖജാൻജി), സോമശേഖർ (കലാകായിക ദർശി), ഗോപകുമാർ (വാഗ്മി) എന്നിവർ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി. അകത്തളം ഗ്രൂപ്പിന്റെ ക്യാപ്റ്റൻ ഷെറിൻ മുരളി, വൈസ് ക്യാപ്റ്റൻ സ്വാതി മിഥുൻ, നടുമുറ്റം ഗ്രൂപ്പിന്റെ ആക്ടിംഗ് ക്യാപ്റ്റൻ ജയപ്രകാശ്, വൈസ് ക്യാപ്റ്റൻ ഷെറിൻ റഷീദ് മത്സരാർഥികളെ സമയബന്ധിതമായി എത്തിക്കുന്നതിൽ വിജയിച്ചപ്പോൾ, ആർട്സ് കോ ഓർഡിനേറ്റർസ് പ്രമോദ് ചിറ്റാർ & റെജീന ബിനു കലാപരിപാടികൾ കൃത്യനിഷ്ഠതയോടെ അരങ്ങിലേറ്റുന്നതിൽ മികവുകാട്ടി.
ജോണ്സൻ അലക്സ്, സൗമി അലക്സ്, സുനിൽ സാഗര, സംഗീത ബാബു, അയന വൈശാഖ് എന്നിവർ വിവിധ മത്സരങ്ങളുടെ വിധികർത്താക്കളായിരുന്നു. അത്താഴ വിരുന്നോടുകൂടി തറവാടിന്റെ ഈ വർഷത്തെ ആർട്സ് ഡേയ്ക്ക് പരിസമാപനമായി.
റിപ്പോർട്ട്: സോണി ഈപ്പൻ
തറവാട് റിയാദ് ആർട്സ് ഡേ ആഘോഷിച്ചു
08:25 PM Dec 13, 2018 | Deepika.com