മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരൻ എം. നന്ദകുമാറിന്റെ ’കാളിദാസന്റെ മരണം’ എന്ന നോവലിനെ അധികരിച്ച് പുസ്തക ആസ്വാദനവും സംവാദവും സംഘടിപ്പിക്കുന്നു.
ഡോ. ജിതേഷ് പുസ്തക പരിചയം നടത്തുന്ന ചടങ്ങിൽ നോവലിസ്റ്റ് എം. നന്ദകുമാറും പങ്കെടുക്കുന്നു.ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ ഡിസംബർ 15 ശനിയാഴ്ച വൈകുന്നേരം ഏഴിനാണ് പരിപാടി.
കാളിദാസന്റെ കേട്ട കഥകളും കേൾക്കാത്ത കഥകളും', അധികാരം, രാഷ്ട്രീയം, നാട്യശാസ്ത്രം, ഭാരതീയ തത്വചിന്ത, ദളിത് രാഷ്ട്രീയം, രതി, വരാഹമിഹിരന്റെ ജ്യോതിശാസ്ത്രം ഇങ്ങനെ വ്യത്യസ്ത മാനങ്ങൾ ഉള്ള പല നിലകളിൽ കെട്ടിയുയർത്തിയ മനോഹര കൃതിയാണ് എം. നന്ദകുമാർ എഴുതിയ കാളിദാസന്റെ മരണം എന്ന നോവൽ.
വ്യത്യസ്ത വിഷയങ്ങളിലൂടെ കടന്ന് പോകുന്പോഴും ഒറ്റ നോട്ടത്തിൽ ഒരു കാലഘട്ടത്തിന്റെ രചനയാണ് ഈ നോവൽ എന്ന് തോന്നാം. ഈ നോവൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ മനുഷ്യ സംസ്കാരം നിലനിൽക്കുന്ന കാലത്തോളം പ്രസക്തമായിരിക്കും.
വായനയേയും എഴുത്തിനേയും പുസ്തകങ്ങളെയും സ്നേഹ്ക്കുന്ന മസ്കറ്റിലെ പ്രവാസി സമൂഹത്തെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും കേരള വിംഗ് കണ്‍വീനർ രതീശൻ പറഞ്ഞു.
റിപ്പോർട്ട്: ബിജു വെണ്ണിക്കുളം
പുസ്തക ആസ്വാദനവും സംവാദവും ശനിയാഴ്ച മസ്കറ്റിൽ
08:23 PM Dec 13, 2018 | Deepika.com