നെവാർക്ക് (ന്യൂയോർക്ക്): മൂന്നു വയസുള്ള കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിനെ തുടർന്നു അമ്മയുൾപ്പെടെ ആറുപേർ അറസ്റ്റിൽ. കുട്ടിയെ ക്രൂരമായി ബെൽറ്റ് കൊണ്ടു അടിക്കുകയും ചൂടുവെള്ളം ശരീരത്തിൽ ഒഴിച്ചു പൊള്ളിക്കുകയും ചെയ്ത കുറ്റത്തിന് പട്രീഷ (62), മേരി (55), പട്രീഷ ബുച്ചൻ (28), ബ്രിജിറ്റ് (23), നറ്റാഷ (43), ഹോമർ (39) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് എസക്സ് കൗണ്ടി കറക്ഷണൽ ഫെസിലിറ്റിയിലേക്കും പിന്നീട് കോടതിയിലും ഹാജരാക്കി.
ആറു പേരും ഒരുമിച്ചു നെവാർക്കിലുള്ള വീട്ടിലായിരുന്നു താമസം. നറ്റാഷയാണ് ഈ കുട്ടിയുടെ മാതാവെന്ന് അധികൃതർ വെളിപ്പെടുത്തി. പണിഷ്മെന്റിന്റെ ഭാഗമായാണ് ഇവർ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. എസക്സ് കൗണ്ടി പ്രോസിക്യൂട്ടേഴ്സ് ഓഫീസും നെവാർക്ക് പോലീസ് ഡിപ്പാർട്ട്മെന്റും സഹകരിച്ചാണ് അന്വേഷണം നടത്തുന്നത്.
കുട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുവാൻ അധികൃതർ തയാറായിട്ടില്ല. ഇത്രയും ചെറിയ കുട്ടിയെ ആറു പേർ ചേർന്ന് ഉപദ്രവിച്ച സംഭവം അത്യപൂർവവും ഭയാനകവുമാണെന്നാണ് അധികൃതർ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മൂന്നുവയസുകാരനു ക്രൂര മർദനം; അമ്മയുൾപ്പെടെ ആറുപേർ അറസ്റ്റിൽ
07:47 PM Dec 13, 2018 | Deepika.com