രേഖ നായര്‍ ഫോമാ വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍.

12:38 PM Dec 06, 2018 | Deepika.com
ഡാളസ്: 2018- 2020 കാലയളവിലെ ഫോമായുടെ നാഷണല്‍ വിമന്‍സ്‌ഫോറം ചെയര്‍പേഴ്‌സണായി രേഖനായരെ നാഷണല്‍ കമ്മിറ്റി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ കേരളത്തില്‍ നിന്നുമുള്ള സ്ത്രീകളുടെ നേട്ടങ്ങള്‍ നമുക്ക് അഭിമാനകരമാണ്. സ്ഥിതിവിവര കണക്കുകള്‍ പ്രകാരം, മലയാളി സ്ത്രീയെ ലോകനവോത്ഥാനസ്ത്രീയുടെ പ്രതീകമായി അവതരിപ്പിക്കത്തക്കവണ്ണം മികച്ചതാണ്. അടുത്ത രണ്ടു വര്‍ഷക്കാലം, അമേരിക്കന്‍ മലയാളി വനിതാ സമൂഹത്തിനു മൊത്തത്തില്‍ മാതൃകയാവുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെയ്ക്കുവാനായിരിക്കും രേഖ നായര്‍ പരിശ്രമിക്കുന്നത്. തന്നെ ഈ പദവിയിലേക്ക് നിര്‍ദേശിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി രേഖ പറഞ്ഞു.

കഴിഞ്ഞ ഭരണ സമിതിയില്‍ (2016- 2018) ഫോമാ വിമന്‍സ് ഫോറം സെക്രട്ടറിയെന്ന നിലയില്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സാറാ ഈശോയുമായി ചേര്‍ന്ന് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രേഖക്ക് സാധിച്ചിരുന്നു. രേഖയുടെ നേതൃത്വത്തില്‍ നടത്തിയ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് പ്രൊജക്റ്റ്, പ്രായാധിക്ക്യം മൂലം കഷ്ടത അനുഭവിക്കുന്ന നിര്‍ദ്ധനരായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പാലിയേറ്റീവ് കെയര്‍ പ്രൊജക്റ്റ് എന്നീ പദ്ധതികളാണ് കഴിഞ്ഞ വിമന്‍സ്‌ഫോറം പൂര്‍ത്തീകരിച്ചത്.

ഫോമയുടെ നാഷണല്‍ കമ്മറ്റി മെമ്പര്‍, കേരളകള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടനയുടെയൂത്ത് സെക്രട്ടറി, യൂത്ത് പ്രസിഡന്റ് എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മലയാളി രണ്ടാം തലമുറയുടെ പ്രതിനിധി കൂടിയാണ് രേഖ. കുട്ടികാലം മുതല്‍ തന്നെ ട്രൈസ്റ്റേറ്റ് മലയാളി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച പാരമ്പര്യമാണ് രേഖക്ക് ഉള്ളത്.

റിപ്പോര്‍ട്ട്: പന്തളം ബിജു തോമസ്