കൊയിലാണ്ടിക്കൂട്ടം സ്നേഹ സംഗമം സംഘടിപ്പിച്ചു

08:55 PM Dec 04, 2018 | Deepika.com
അബാസിയ: കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ചു. അബാസിയ ഹെവൻസ് ഹാളിൽ നടന്ന സംഗമം രാക്ഷാധികാരി രാജഗോപാൽ ഇടവലത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഷാഹുൽ ബേപ്പൂർ അധ്യക്ഷത വഹിച്ചു.

പ്രതികൂല കാലാവസ്ഥയിലും വിജയകരമായി കൊയിലാണ്ടി ഫെസ്റ്റ് നടത്താൻ സാധിച്ചത് ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവർത്തിച്ചതുകൊണ്ടാണെന്ന് മുഖ്യപ്രഭാഷകൻ ബഷീർ ബാത്ത അഭിപ്രായപ്പെട്ടു. ചെയർമാൻ ഷാഹിദ് സിദ്ദീഖ് ‘കാരുണ്യ ഹസ്തം 2019’ പദ്ധതി വിശദീകരിച്ചു. പ്ലസ്ടു കഴിഞ്ഞ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പത്തോളം വിദ്യാർഥികളെ ഒരു വർഷത്തേക്ക് ദത്തെടുത്ത് സാമ്പത്തിക സഹായം നൽകുന്ന ദൗത്യം അടുത്ത അധ്യയന വർഷം ആരംഭിക്കും. കൊയിലാണ്ടി ഫെസ്റ്റ് 2018ൽ പങ്കെടുത്ത കലാകാരന്മാർക്ക് ഉപഹാരങ്ങൾ നൽകി. പാചക മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൊയിലാണ്ടി ഫെസ്റ്റ് 2018 കൂപ്പൺ നറുക്കെടുപ്പ് മൻസൂർ മുണ്ടോത്തിന്‍റെ നേതൃത്വത്തിൽ നടന്നു.

ദിലീപ് അരയടത്ത്, മനോജ് കുമാർ കാപ്പാട്, നിധിൻ തോട്ടത്തിൽ, പി.വി. നജീബ്, ഹസ്സൻ കോയ, മുസ്തഫ മൈത്രി, പി.കെ. ഷാജഹാൻ, ജോജി വർഗീസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അക്‌ബർ ഊരള്ളൂർ സ്വാഗതവും റിഹാബ് തൊണ്ടിയിൽ നന്ദിയും പറഞ്ഞു. തുടർന്ന് ‘ഗന്ധർവ സംഗീതം’ ഫെയിം വിഷ്ണുവിന്‍റെ നേതൃത്വത്തിൽ സംഗീതനിശയും നടന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ