ദുബായ്: നാൽപ്പത്തിയേഴാമത് യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് കെഎംസിസി സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ഡിസംബർ 1 ശനിയാഴ്ച വൈകുന്നേരം ഏഴിന് ഗർഹൂദ് എൻഐ മോഡൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
പൊതുസമ്മേളനത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി, അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി., അഴീക്കോട് മണ്ഡലം എംഎൽഎ കെ.എം ഷാജി, ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ, അറബ് പ്രമുഖർ തുടങ്ങി സാമൂഹ്യസാംസ്കാരികവിദ്യാഭ്യാസ രംഗങ്ങളിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങൾ സംബന്ധിക്കും. വർണശബളമായ ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് വിളയിൽ ഫസീല, കൊല്ലം ശാഫി, കണ്ണൂർ മമ്മാലി, നസീബ് നിലന്പൂർ, റാഫി കുന്ദംകുളം, മുഫ് ലിഹ് തുടങ്ങിയവർ നയിക്കുന്ന ഇശൽ നൈറ്റ് അരങ്ങേറും.
സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ വ്യാപാരവ്യവസായ മാധ്യമജീവകാരുണ്യ പ്രവർത്തന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹൽ വ്യക്തിത്വങ്ങൾക്ക് ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും. കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ മാതൃകാപരമായ സേവനം കാഴ്ചവച്ചു യുവസമൂഹത്തിന് പ്രചോദനമായി മാറിയ സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധയും അംഗീകാരവും നേടിയ ജൈസലിനെ ചടങ്ങിൽ പ്രത്യേകം ആദരിക്കും. പരിപാടിയുടെ വിജയത്തിനായി മുഴുവൻ പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്ന് പ്രസിഡന്റ് പി.കെ. അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി ഇസ്മായിൽ എന്നിവർ അഭ്യർഥിച്ചു.
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ മങ്കട
യുഎഇ ദേശീയ ദിനാഘോഷം: ദുബായ് കെഎംസിസി പൊതുസമ്മേളനം ഡിസംബർ ഒന്നിന്
09:15 PM Nov 19, 2018 | Deepika.com