കുവൈത്ത് എയര്‍പോര്‍ട്ടിന്‍റെ പ്രവര്‍ത്തനം സാധാരണഗതിയിലാകുവാന്‍ സമയമെടുക്കും

06:14 PM Nov 17, 2018 | Deepika.com
കുവൈത്ത് സിറ്റി : പ്രളയത്തെ തുടര്‍ന്ന് മണിക്കൂറുകളോളം സർവീസ് നിര്‍ത്തിവച്ച കുവൈത്ത് എയര്‍പോര്‍ട്ടിന്‍റെ പ്രവര്‍ത്തനം സാധാരണഗതിയിലാകുവാന്‍ സമയമെടുക്കുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റൺവേയിൽ വെള്ളംകയറിയതിനെ തുടര്‍ന്നാണ് വ്യോമഗതാഗതം തടസപ്പെട്ടത്. വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്.

അതിനിടെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കേരളത്തിലേക്ക് മടക്ക യാത്രയിലായ 35 അംഗ മലയാളി തീര്‍ഥാടകര്‍ കുവൈത്ത് എയര്‍പോര്‍ട്ടില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം രാവിലെ കുവൈത്തിൽ എത്തിയ അവരുടെ തുടർവിമാനം റദ്ദക്കപ്പെട്ടതിനാൽ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് എയര്‍പോര്‍ട്ടിലെത്തിയ ശേഷം തുടര്‍ യാത്ര അവതാളത്തിലാവുകയായിരുന്നു. കൈയിൽ കരുതിയ അത്യാവശ്യ മരുന്ന് അടക്കമുള്ളവ തീര്‍ന്നതിന്‍റെ അടിസ്ഥാനത്തില്‍ യാത്രക്കാരില്‍ ചിലര്‍ സഹായത്തിനായി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രായമായവരായ യാത്രക്കാരടക്കം പതിനഞ്ചോളം വനിതകളും സംഘത്തിലുണ്ട്.

വിവധ വിമാന കമ്പനികളുമായി സഹകരിച്ച് ഇപ്പോയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായി വ്യോമയാന വകുപ്പ് വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. കുവൈത്ത് എയർവെയ്സ് ഉൾപ്പെടെയുള്ള വിമാനങ്ങൾ പലതും യാത്ര റി-ഷെഡ്യൂൾ ചെയ്തതിനാൽ മണിക്കൂറുകളായി പല യാത്രക്കാരും കുടുങ്ങി കിടക്കുകയാണ്. റദ്ദാക്കിയ പല സര്‍വീസുകളും ഇനിയും പുനക്രമീകരിച്ചിട്ടില്ല. വിമാന കമ്പനികളില്‍ പലതും യാത്രകാര്‍ക്ക് റീഫണ്ട് അനുവദിച്ചിരിക്കുകയാണ്. അപ്രതീക്ഷതമായ പ്രകൃതി ദുരുന്തമായതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇപ്പോയത്തെ സാഹചര്യത്തില്‍ എയര്‍പ്പോര്‍ട്ട് പൂര്‍വ്വ സ്ഥിതിയിലാകുവാന്‍ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്.