മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന പതിനാറാമത് ’എന്റെ കേരളം എന്റെ മലയാളം’ വിജ്ഞാനോൽസവത്തിന്റെ ഭാഗമായുള്ള ക്വിസ് മത്സരം നവംബർ 16ന് അൽ ഖുവൈർ 33ലെ ഹയർ കോളേജ് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തിൽ നടക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ വിജ്ഞാനോൽസവമായ അക്ഷരമുറ്റം വിജ്ഞാനോൽസവത്തിന്റെ സംസ്ഥാനതല കോ ഓർഡിനേറ്ററും കുട്ടികളുടെ മാസികയായ തത്തമ്മയുടെ എഡിറ്ററും പ്രശസ്ത സാഹിത്യകാരനുമായ നാരായണൻ കാവുന്പായിയാണ് ക്വിസ് മാസ്റ്റർ.
മൂന്നു പേരടങ്ങുന്ന ടീമായിട്ടാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ളവർ ജൂനിയർ വിഭാഗത്തിലും, എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർ സീനിയർ വിഭാഗത്തിലും പരിഗണിക്കപ്പെടും. രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് മൽസരം നടക്കുന്ന ദിവസം രാവിലെ 7ന് വേദിയിൽ എത്തിയാൽ പേരുകൾ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാമെന്ന് സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഒമാനിലെ പത്തൊന്‍പത് ഇന്ത്യൻ സ്കൂളുകളിൽ നിന്നായി എഴുന്നൂറിലേറെ വിദ്യാർഥികൾ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളിൽ ആയിരത്തിലേറെ വിദ്യാർഥികൾ പങ്കെടുത്തിരുന്നു. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സാക്ഷ്യ പത്രവും വിജയികൾക്ക് സമ്മാനങ്ങളും നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 9591 0251 അല്ലെങ്കിൽ 93397868 എന്നീ മൊബൈൽ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: സേവ്യർ കാവാലം
"എന്റെ കേരളം എന്റെ മലയാളം' വിജ്ഞാനോത്സവത്തിന്റെ ഭാഗമായുള്ള പ്രശ്നോത്തരി വെള്ളിയാഴ്ച
09:26 PM Nov 15, 2018 | Deepika.com