ദുബായ്: അറബ് ലോകത്തെ വ്യവസായ വാണിജ്യ മണ്ഡലത്തിൽ വ്യത്യസ്തവും ഗണനീയവുമായ സംഭാവനകൾ അർപ്പിക്കുകയും നൂതനപാതകൾ തുറക്കുകയും ചെയ്ത പ്രതിഭകൾക്ക് നൽകുന്ന അറേബ്യൻ ബിസിനസ് അച്ചീവ്മെന്റ് അവാർഡിന് രണ്ടു മലയാളി സഹോദരങ്ങൾ അർഹരായി. പാലക്കാട് നെന്മാറ സ്വദേശികളായ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടുമാണ് ഈ അപൂർവ നേട്ടത്തിന് അർഹരായത്.
ലോകപ്രശസ്ത സംരംഭകനും കാരുണ്യപ്രവർത്തകനുമായ ഡോ. ബി.ആർ. ഷെട്ടിയുടെ ശിക്ഷണത്തിൽ മുന്നേറുന്ന ഈ സഹോദരങ്ങളിൽ പ്രശാന്ത് മങ്ങാട്ട് എൻഎംസി ഹെൽത്തിന്റെ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. പ്രമോദ് മങ്ങാട്ട് ഫിനാബ്ലർ ഹോൾഡിംഗ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ സിഇഒയുമാണ്. ദശകങ്ങളോളം ഈ മേഖലയിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു വരുന്ന പ്രസ്തുത സ്ഥാപനങ്ങളെ ചെറിയ കാലയളവ് കൊണ്ട് ആഗോളതലത്തിൽ വ്യാപിപ്പിക്കുകയും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്ത ഇവരുടെ കർമ്മശേഷിയെ മാനിച്ചുകൊണ്ടാണ് അറേബ്യൻ ബിസിനസ് അവാർഡിന് തെരഞ്ഞെടുത്തത്.
ദുബായിലെ വാൽഡോഫ് അസ്റ്റോറിയ ദി പാം ഹോട്ടലിൽ നടന്ന വർണാഭമായ ചടങ്ങിൽ പ്രശാന്തും പ്രമോദും ചേർന്ന് ഐറ്റിപി മീഡിയ ഗ്രൂപ്പ് സിഇഒ അലി അക്കാവിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്പോൾ, വിഷനറി ലീഡർ പുരസ്കാരം നേടിയ റാസൽ ഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്സിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് സഉൗദ് ബിൻ സാഖർ അൽ ഖാസിമി ഉൾപ്പെടെയുള്ള സദസ് ഹർഷാരവങ്ങളോടെയാണ് എതിരേറ്റത്.
ഡോ.ബി.ആർ. ഷെട്ടിയുമായുള്ള കണ്ടുമുട്ടലും തുടർന്നുള്ള ഗൾഫ് ജോലിയും തങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവായെന്നും പ്രവർത്തിക്കാൻ കഴിവും മനസുമുള്ള ജീവനക്കാരെ പരമാവധി പ്രോത്സാഹിപ്പിക്കാനും ഉയർത്തിയെടുക്കാനും ഡോ. ഷെട്ടി പുലർത്തുന്ന ശ്രദ്ധയാണ് ഇപ്പോഴുള്ള നേട്ടങ്ങളുടെ പിൻബലമെന്നും പ്രശാന്തും പ്രമോദും പ്രതികരിച്ചു. പുരസ്കാരങ്ങൾ അദ്ദേഹത്തിനും എൻഎംസി യുഎഇ എക്സ്ചേഞ്ച് കുടുംബത്തിനും സമർപ്പിക്കുകയാണെന്നും ഈ സഹോദരങ്ങൾ പറഞ്ഞു. ജീവകാരുണ്യ ദൗത്യങ്ങളിലെന്ന പോലെ കലാ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിലും ഇവർ സജീവ ശ്രദ്ധാലുക്കളാണ്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
മലയാളി സഹോദരന്മാർക്ക് അറേബ്യൻ ബിസിനസ് അച്ചീവ്മെന്റ് അവാർഡ്
10:18 PM Nov 14, 2018 | Deepika.com