കേരളത്തിലുണ്ടായ പ്രളയ ദുരന്തവുമായി ബന്ധപ്പെട്ടു സംഘടന നടത്തി വരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടർച്ചയായി സഹോദരന് ഒരു വീട് എന്ന പാർപ്പിട പദ്ധതിയുടെ ഉദ്ഘാടനം ഇൻഡോ അറബ് കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബാബു ഫ്രാൻസിസ് നിർവഹിച്ചു. കോഴിക്കോട് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ഷൈജിത്, കൊല്ലം ജില്ലാ പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി അലക്സ് കെ മാത്യു, ഇടുക്കി അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ ജോയ് മുണ്ടക്കാട്ട് ജോർജി മാത്യു എന്നിവർ ഈ സംരംഭത്തിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രളയത്തിൽ കിടപ്പാടം നഷ്ട്ടമായ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ ഇടുക്കി നിവാസികൾക്ക് പരമാവധി വീടുകൾ നിർമിച്ചു നൽകുകയാണ് ഈ പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. പ്രഥമ സംരംഭം എന്ന നിലയിൽ മൂന്ന് വീടുകൾ നിർമിച്ചു നൽകാനാണ് സംഘടനയുടെ തീരുമാനം. അതിൽ ആദ്യത്തെ വീടിന്റെ നിർമാണം അടുത്ത ദിവസങ്ങളിൽ തന്നെ തുടങ്ങുന്നതാണെന്ന് പ്രസിഡന്റ് സുനിൽ കുമാർ, ജനറൽ സെക്രട്ടറി ജോസ് തോമസ് എന്നിവർ അറിയിച്ചു.
പ്രസിഡന്റ് സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ച കുടുംബസംഗമത്തിൽ ട്രഷറർ ബിജോയ് കുര്യൻ വൈസ് പ്രസിഡന്റ് ടോം ഇടയൊടിയിൽ, ജോയിന്റ് ട്രഷറർ അജീഷ് ലൂക്കോസ്, സെക്രട്ടറി ഷംല ബിജു, മറ്റു കമ്മീറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ