റിയാദ്: വിജ്ഞാനത്തിന്റെ കലവറയായ വിശുദ്ധ ഖുർആൻ ശാസ്ത്രബോധം വളർത്തുന്ന ഗ്രന്ഥമാണെന്നും പാരായണം ഭംഗിയാക്കുന്നതോടൊപ്പം ഖുർആനിലെ വിജ്ഞാനങ്ങളെ ശരിയായ രൂപത്തിൽ മനസിൽ പതിപ്പിക്കാൻ വിദ്യാർഥികൾ ശ്രദ്ധ ചെലുത്തണമെന്നും എംഎസ്എം മുൻ പ്രസിഡന്റ് ഡോ: അബൂബക്കർ കടവത്തൂർ പ്രസ്താവിച്ചു.
റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോ ഓർഡിനേഷൻ കമ്മറ്റി (ആർഐസിസി.) ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ടീൻസ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദ് എംഎസ്എം പ്രസിഡന്റ് സൽമാനുൽ ഫാരിസ് കിനാലൂർ അധ്യക്ഷത വഹിച്ചു. അനുഗ്രഹീത ജീവിതം വിദ്യാർഥികളും ധാർമ്മിക മൂല്യങ്ങളും എന്നീ വിഷയങ്ങളിൽ യഥാക്രമം ഇഖ്ബാൽ കൊല്ലം, റാഫി സ്വലാഹി എന്നിവർ ക്ലാസെടുത്തു.
മീറ്റിന്റെ ഭാഗമായി ടൈം മാനേജ്മെന്റ്, കരിയർ ഡെവലപ്മെന്റ് എന്നീ വിഷയങ്ങളിൽ സംഘടിപ്പിച്ച ട്രെയ്നിംഗ് സെഷൻ ഡോ: മുഹമ്മദ് ഷഹീർ (അബഹ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി), എൻജി. അംജദ് രാജ (അൽകോബാർ) എന്നിവർ നയിച്ചു. ഷാനിദ് കോഴിക്കോട്, കെൻസ് എന്നിവർ പ്രസംഗിച്ചു. റൗനഖ് ഓടക്കൽ സ്വാഗതവും ഹംദാൻ ഉമർ ശരീഫ് നന്ദിയും പറഞ്ഞു.
ഖുർആൻ ശാസ്ത്രബോധം വളർത്തുന്ന ഗ്രന്ഥം: ഡോ: അബൂബക്കർ കടവത്തൂർ
11:10 PM Nov 12, 2018 | Deepika.com