മെത്രാഭിഷേക രജത ജൂബിലി നവംബർ 17ന്

09:25 PM Nov 09, 2018 | Deepika.com
ന്യൂയോർക്ക് : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപൊലീത്തായുടെ എപ്പിസ്കോപ്പൽ രജത ജൂബിലി ആഘോഷ പരിപാടികൾ നവംബർ 17നു രാവിലെ 11 മുതൽ ന്യുറോഷലിലുള്ള ഗ്രീൻട്രീ കൺട്രി ക്ലബ് ബാങ്ക്വറ്റ് ഹാളിൽ നടക്കും.

ഭദ്രാസന കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പരിപാടികളിൽ സഭയുടെ പരമാധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവയും പങ്കെടുക്കും. ഇതര സഭാ നേതാക്കന്മാർ എക്യുമിനിക്കൽ പ്രസ്ഥാന പ്രതിനിധികൾ, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് പ്രതിനിധികൾ തുടങ്ങി ഒട്ടനവധി പേർ പങ്കെടുക്കും.

ടൊറന്‍റോ മുതൽ കാരലൈന വരെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഇടവകാംഗങ്ങൾ പങ്കെടുക്കും.ഗ്രീൻ ട്രീ കൺട്രി ക്ലബ് സമുച്ചയത്തിൽ എത്തിച്ചേരുന്ന പരി. ബാവായെയും വിശിഷ്ടാതിഥികളെയും ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വൈദീകർ എന്നിവർ ചേർന്നു സ്വീകരിക്കും. സമ്മേളനവും അത്താഴ വിരുന്നും ഉണ്ടായിരിക്കും. ആഘോഷ പരിപാടികളെ സംഗീത സാന്ദ്രമാക്കുവാൻ ഭദ്രസന ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ ചേർന്ന് ഗായക സംഘം ഗാനങ്ങൾ ആലപിക്കും.

വിവരങ്ങൾക്ക്: ഡോ. ഫിലിപ്പ് ജോർജ്: 646 361 9509, സാജൻ മാത്യു: 914 772 4043.