അബുദാബി : കഠിനാദ്ധ്വാനികളായ മലയാളികളുടെ ശ്രദ്ധേയമായ സംഘബോധത്തിലൂടെ നവകേരള നിർമാർണം സാധ്യമാണെന്ന് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു. യുഎഇയുടെ വളർച്ചയിൽ ഏറ്റവും നിർണായകവും ഗണ്യവുമായ സംഭാവന നൽകിയ മലയാളി സമൂഹത്തിന്റെ അർപ്പണബോധവും കഠിനാദ്ധ്വാനവും അനുഭവിച്ചറിഞ്ഞ ജനതയാണ് ഇവിടെയുള്ളതെന്നും "നിങ്ങൾ ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയങ്ങളിലാണ് ' ഷെയ്ക്ക് നഹ്യാൻ നിറഞ്ഞ കരഘോഷത്തിനിടെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷെയ്ക്ക് നഹ്യാൻ.
കേരളം നേരിട്ട ദുരന്തത്തിൽ യുഎഇ ഭരണാധികാരികളും ജനതയും ഒരുപോലെ അനുകന്പ നിറഞ്ഞവരാണ്. സ്നേഹവും അനുകന്പയുമാണ് സഹിഷ്ണതക്ക് കാരണമാകുന്നത്. കേരളത്തിന്റെ സന്തോഷത്തിൽ മാത്രമല്ല ദുഃഖത്തിലും ഒപ്പം നിൽക്കുന്ന സൗഹൃദ രാജ്യമായിരിക്കും യുഎഇ എന്ന് പറഞ്ഞ അദ്ദേഹം നവകേരള നിർമ്മിതിയിലെ പങ്കാളിത്വം ഉറപ്പുനൽകി .
ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഇളങ്കോവൻ , മാധ്യമ ഉപദേഷ്ടാവ് ജോണ് ബ്രിട്ടാസ്, നോർക്ക വൈസ് പ്രസിഡന്റ് എം.എ. യുസഫലി , സണ്ണി വർക്കി, അദീബ് അഹമ്മദ്, എംബസി പ്രതിനിധി പൂജ ഭട്നാഗർ, രമേശ് പണിക്കർ, പി ബാവാഹാജി ,കെ.ബി മുരളി, ടി.എ നാസർ, ബീരാൻകുട്ടി എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
മലയാളികളുടെ സംഘബോധം കേരളത്തെ പുനഃസൃഷ്ടിക്കും: ഷെയ്ക്ക് നഹ്യാൻ
10:13 PM Oct 19, 2018 | Deepika.com