ഓസ്റ്റിൻ: നവംബർ ആറിന് ടെക്സസിൽ നടക്കുന്ന യുഎസ് സെനറ്റ്, ഗവർണർ തുടങ്ങി നിരവധി സ്ഥാനങ്ങളിലേക്ക് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗ് ഒക്ടോബർ 22ന് ആരംഭിക്കും. നവംബർ രണ്ടു വരെയാണ് ഏർലി വോട്ടിംഗിനുള്ള സമയം. ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നതിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.
ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസെൻസ്, ഇലക്ഷൻ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്, പേഴ്സണ്‍ ഐഡന്റിഫിക്കേഷൻ കാർഡ്, ഹാൻഡ് ഗണ്‍ ലൈസെൻസ്, മിലിട്ടറി ഐഡന്റിഫിക്കേഷൻ, യുഎസ് പാസ്പോർട്ട് എന്നിവയിലേതെങ്കിലും ഒന്ന് കൈവശം ഉണ്ടാക്കേണ്ടത് ആവശ്യമാണ്.
റിപ്പബ്ലിക്കൻ സംസ്ഥാനമായ ടെക്സസിൽ ശക്തമായ മത്സരമാണ് ഡെമോക്രാറ്റുകൾ പ്രതീക്ഷിക്കുന്നത്. വോളണ്ടിയർമാർ വീടുവീടാന്തരം കയറി ഇറങ്ങി വോട്ടർ റജിസ്ട്രേഷൻ നടത്തിയത് അനുകൂല ഘടകമായി കണക്കാക്കുന്നു. നാൽപതു ശതമാനത്തോളം ഹിസ്പാനിക്ക് വോട്ടർമാരുള്ള ടെക്സസിൽ ട്രംപിന്റെ ഇമിഗ്രേഷൻ പോളസി തിരിച്ചടിയാകുമോ എന്ന് റിപ്പബ്ലിക്കൻസ് ഭയപ്പെടുന്നു. ഗവർണർ സ്ഥാനത്തേക്ക് രണ്ടാം ഉൗഴം ലക്ഷ്യമിട്ട് രംഗത്തെത്തിയ ഗവർണർ ഗ്രോഗ് ഏബട്ടിന്റെ വിജയം സുനിശ്ചിതമാണ്.
നിർണായക തെരഞ്ഞെടുപ്പു നടക്കുന്ന യുഎസ് സെനറ്റ് സീറ്റിൽ ടെഡ് ക്രൂസിന്റെ (റിപ്പബ്ലിക്കൻ), വിജയത്തിന് തടയിടുന്നതിന് എല്ലാ അടവും പയറ്റുകയാണ് ഡമോക്രാറ്റുകൾ. തിരഞ്ഞെടുപ്പു ദിനങ്ങൾ അടുത്തുവരും തോറും മത്സര രംഗം ചൂടുപിടിക്കുകയാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇടക്കാല തെരഞ്ഞെടുപ്പ്: ഏർലി വോട്ടിംഗ് ഒക്ടോബർ 22ന് ആരംഭിക്കും
10:02 PM Oct 19, 2018 | Deepika.com