സീറോ മലബാർ രൂപതാ മെത്രാനും കണ്വൻഷൻ രക്ഷാധികാരിയുമായ മാർ. ജേക്കബ് അങ്ങാടിയത്ത് ഇടവകയിൽ രാവിലെ വി. കുർബാന അർപ്പിച്ചു. തുടർന്ന് ഫൊറോനായിലെ കണ്വൻഷൻ രജിസ്ട്രേഷന്റെ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കണ്വൻഷൻ കണ്‍വീനർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ , ഫൊറോനാ വികാരി ഫാ. ജോഷി എളന്പാശേരിൽ എന്നിവർ സഹകാർമികരായിരുന്നു.
2019 ഓഗസ്റ്റ് ഒന്ന് മുതൽ നാലു വരെ ഹൂസ്റ്റണിൽ നടക്കുന്ന രൂപതാ കണ്വൻഷൻ വിശ്വാസം ഒരുമയിൽ പ്രഘോഷിക്കുന്ന അവസരമാണെന്നു മാർ ജേക്കബ് അങ്ങാടിയത്ത് ഓർമ്മിപ്പിച്ചു. എല്ലാ ഇടവകകളിൽ നിന്നും മിഷനിൽ നിന്നും കഴിയുന്നത്ര ആളുകകൾ സംഗമിക്കുന്പോഴാണ് വിശ്വാസി സംഗമം രൂപതാ സംഗമമായി മാറുകയെന്നും കണ്‍വൻഷനിൽ ഏവരും പങ്കുചേരണമെന്നും മാർ ജേക്കബ് അങ്ങാടിയത്ത് വിശ്വാസികളോട് ആഹ്വാനം ചെയ്തു. അഭി. പിതാവ് മുൻ വികാരിയായി ഗാർലന്റ് ഇടവകയിൽ സേവനം ചെയ്തതും 2005 സീറോ മലബാർ കണ്വൻഷൻ ഗാർലൻറ് ഇടവകയുടെ ആതിഥേയത്തിൽ ഡാളസിൽ നടന്ന അനുഭവങ്ങളും മാർ. അങ്ങാടിയത്ത് വിശ്വാസികളുമായി പങ്കുവച്ചു. രൂപത വളർന്ന പശ്ചാത്തലത്തിൽ കൂടുതൽ വിശ്വാസികൾ കണ്‍വൻഷനിൽ പങ്കെടുക്കുവാനും ഈ രൂപതാ സംഗമം വിജയകരമായ ഒരു അനുഭവമാകട്ടെയെന്നും പിതാവ് ആശംസിച്ചു.
ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ഏവരെയും കണ്‍വൻഷനിലേക്കു സ്വാഗതം ചെയ്തു. ഏഴുവർഷത്തിന് ശേഷം 2019ൽ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫെറോനാ ദേവാലയത്തിന്റെ ആതിഥേയത്തിൽ നടക്കുന്ന സീറോ മലബാർ ദേശീയ കണ്വൻഷൻ വിശ്വാസികളുടെ വലിയ കൂട്ടായ്മയുടേയും വിശ്വാസ പ്രഘോഷണത്തിൻറെയും വേദിയാണ്.
ഫാ. ജോഷി എളന്പാശ്ശേരിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ഫൊറോനയിലെ ആദ്യ രജിസ്ട്രേഷൻ ജോസ് കുഴിപ്പിള്ളിയിൽ നിന്നും മാർ ജേക്കബ് അങ്ങാടിയത്ത് സ്വീകരിച്ചു. നിരവധി ആളുകൾ വേദിയിൽ തന്നെ രജിസ്റ്റർ ചെയ്തപ്പോൾ ഇടവകയിലെ നടന്ന രജിസ്ട്രേഷൻ കിക്ക് ഓഫ് വൻ വിജയമായി.
കണ്വൻഷൻ ചെയർമാൻ അലക്സ് കുടക്കച്ചിറ , വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, സെക്രട്ടറി പോൾ ജോസഫ്, ഫൈനാൻസ് കോ ഓർഡിനേറ്റർ ബിജൂ ജോർജ് , യൂത്ത് കോർഡിനേറ്റർ തരുണ്‍ മത്തായി, പ്രിൻസ് ജേക്കബ് , ടോം കുന്തറ, ജെയിംസ് വിരുത്തികുളങ്ങര, ആന്റണി ചെറു, ഫാൻസിമോൾ പള്ളത്തുമഠം, മാത്യു പൈന്പള്ളിൽ തുടങ്ങി കണ്വൻഷൻ കമ്മറ്റി അംഗങ്ങളും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. ഇടവക കൈക്കാരൻമാരും കണ്വൻഷൻ ലോക്കൽ കോ ഓർഡിനേറ്റേഴ്സുമാരായ മോൻസി വലിയവീട്, മൻജിത് കൈനിക്കര എന്നിവർ പരിപാടികൾ വിജയമാക്കി.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ