കുവൈത്ത്: മാതാപിതാക്കളാണ് ആദ്യം മക്കൾക്ക് അനുകരണീയ മാതൃകകളാകേണ്ടവരെന്നും കുട്ടികൾ വളരുന്നതോടുകൂടി സൽസ്വഭാവങ്ങളും പെരുമാറ്റരീതികളും മാറിമറിയാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും യുവ പ്രാസംഗികൻ മുഹമ്മദ് ശരീഫ് അസ്ഹരി വിശദീകരിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ ഏരിയ സംഘടിപ്പിച്ച ഫാമിലി സ്റ്റഡി ക്ലാസിൽ മക്കൾ ഒരു അനുഗ്രഹം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവനിഷേധം വളർത്തുന്ന പ്രത്യയശാസ്ത്രങ്ങൾക്കും മൂല്യങ്ങളെ നിരാകരിക്കുന്ന സിനിമകൾക്കും മറ്റു കലകൾക്കും സാഹിത്യത്തിനുമിടയിൽ വളരുന്ന വിദ്യാർഥികൾക്ക് ദിശാബോധം നൽകാൻ മാതാപിതാക്കൾ മടികാണിക്കുന്നതിന്റെ ദുരന്തഫലങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശരീരവും സന്പത്തും ആരാധനയും എന്നു മാത്രമല്ല ജീവിതവും മരണവും സ്രഷ്ടാവിന് സമർപ്പിക്കുവാൻ സന്നദ്ധനാകുന്നവനാണ് മുസ്ലിമെന്ന് അള്ളാഹുവാണ് അഭയം എന്ന വിഷയത്തിൽ സംസാരിച്ച മുഹമ്മദ് അരിപ്ര സൂചിപ്പിച്ചു. ഐഐസി ജനറൽ സെക്രട്ടറി സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു. ചെയർമാൻ വി.എ മൊയ്തുണ്ണി, ഏരിയ കോര്‍ഡിനേറ്റര്‍ യൂനുസ് സലീം, അബ്ദുൽ അസീസ് സലഫി, എൻജി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ഹാഷിൽ യൂനുസ് ഖിറാഅത്ത് നടത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ
മൂല്യബോധം പകർന്നു നൽകൽ കുടുംബത്തിൽനിന്ന് തുടങ്ങണം: മുഹമ്മദ് ശരീഫ് അസ്ഹരി
10:59 PM Oct 17, 2018 | Deepika.com