ഫഹാഹീൽ: പ്രവാസി വിദ്യാർഥികളുടെ സമഗ്ര വികസനം ലക്ഷ്യം വച്ചു രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന ക്യാന്പയിനിന്റെ ഭാഗമായി "എലെയ്റ്റ് മീറ്റ്' സംഘടിപ്പിച്ചു. ’ആകാശം അകലെയല്ല’ എന്ന പ്രമേയത്തിൽ ഒക്ടോബർ 26ന് മംഗഫിൽ നടക്കുന്ന സ്റ്റുഡൻസ് കോണ്‍ഫറൻസിന്റെ മുന്നോടിയായാണ് രക്ഷിതാക്കൾക്കായി എലെയ്റ്റ് മീറ്റ് സംഘടിപ്പിച്ചത്.
മെഹ്ബൂല വസന്തഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ശിഫ അൽ ജസീറ ജനറൽ മാനേജർ റിസ് വാൻ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പ്രവാസി വിദ്യാർഥികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയ അദ്ദേഹം പരിഹാരം സ്വന്തം വീട്ടിൽ നിന്ന് തന്നെ തുടങ്ങണമെന്നും കുട്ടികളോട് ഹൃദയം തുറന്ന് സംസാരിക്കാൻ ഓരോ മാതാപിതാക്കളും സമയം കണ്ടെത്തണമെന്നും നിർദ്ദേശിച്ചു.
’മോഡേണ്‍ പാരന്റിംഗ് ’ എന്ന വിഷയത്തിൽ അബ്ദുള്ള വടകര പ്രസന്റേഷൻ അവതരിപ്പിച്ചു. ആധുനിക ടെക്നോളജി യുഗത്തിലെ വിദ്യാർഥികളിൽ എങ്ങനെ ഇടപെടണമെന്നും, എങ്ങനെ അവരെ മാതൃകാപരമായി വളർത്താമെന്നും സരസമായി അദ്ദേഹം രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.
പരിപാടിയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിൽ രക്ഷിതാക്കൾ പ്രവാസി വിദ്യാർഥികളുടെ ഭാവിയെക്കുറിച്ചുള്ള ആശകളും ആശങ്കകളും പങ്കുവച്ചു. എൻജി. അബൂബക്കർ സിദ്ദീഖ് കൂട്ടായി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഐസിഎഫ് ഫഹാഹീൽ സെൻട്രൽ പ്രസിഡൻറ് സയ്യിദ് സൈതലവി സഖാഫി മഷ്ഹൂർ അധ്യക്ഷനായിരുന്നു. നൗഫൽ ബാഖവി, ശിഹാബ് വാണിയന്നൂർ, അബ്ദു റശീദ് മോങ്ങം, ജഅ്ഫർ നടക്കാവ്, അബ്ദുള്ള വേങ്ങര, സമീർ പാലക്കാട്, റാഷിദ് നരിപ്പറ്റ എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
എലെയ്റ്റ് മീറ്റ് സംഘടിപ്പിച്ചു
10:58 PM Oct 17, 2018 | Deepika.com