പിണറായി എത്തി; അബുദാബിയില്‍ ബുധനാഴ്ച ബിസിനസ് മീറ്റ്, വ്യാഴാഴ്ച പൊതുസമ്മേളനം

03:02 PM Oct 17, 2018 | Deepika.com
അബുദാബി: പ്രളയബാധിത കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് പ്രവാസിലക്ഷങ്ങളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന യുഎഇ പര്യടനത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയായ അബുദാബിയിലെത്തി. രാവിലെ 07.10 നുള്ള എത്തിഹാദ് വിമാനത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും , സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കളും , എം.എ യൂസഫലി , ആസ്റ്റര്‍ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ.ആസാദ് മൂപ്പന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖരും ചേര്‍ന്നു വിമാനത്താവളത്തില്‍ സ്വീകരിച്ചു . നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല ,മകള്‍ വീണ ,പേരക്കുട്ടി ഇഷാന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം എത്തിച്ചേര്‍ന്നു .

വൈകിട്ട് 7.30നു അബുദാബിയിലെ ദുസിത് താനി ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് പ്രഫഷണല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബിസിനസ് മീറ്റില്‍ അഞ്ഞൂറോളം വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തും .പ്രളയം തകര്‍ത്ത കേരളത്തിന്റെ സമഗ്ര ചിത്രവും നവകേരളത്തിന്റെ പുനര്‍നിര്‍മാണ പദ്ധതികളും ഉള്‍പെടുത്തി വിശദമായ മാസ്റ്റര്‍പ്ലാന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

വ്യാഴാഴ്ച വൈകിട്ട് ഏഴിനു അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനം .യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ പ്രമുഖനും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എംഎ യൂസഫലി അദ്ധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിന് ശേഷം അബുദാബിയിലെ സംഘടനാ ഭാരവാഹികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

ഐഎസ്‌സിയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അബുദാബിയിലെ നാലിടങ്ങളില്‍നിന്നായി ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്. മുസഫ എന്‍.പി.സിസി, ഐകാഡ് സിറ്റിയിലെ ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റ്, മുസഫ ഷാബിയയിലെ അല്‍നൂര്‍ ക്ലിനിക്ക്, മഫ്‌റഖിലെ ചൈന സെന്റര്‍ എന്നിവിടങ്ങളില്‍നിന്നാണ് വൈകിട്ട് ആറിനു ബസ് സേവനമുണ്ടാവുക. താല്‍പര്യമുള്ളവര്‍ക്ക് 050 5251221 (സിയാദ്), 056 2860653 (അജിത്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് . .ഇതുസംബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേശ് പണിക്കര്‍ ,ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, മലയാളി സമാജം പ്രസിഡന്റ് ടിഎ നാസര്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ ബീരാന്‍കുട്ടി, ലോക കേരള സഭാംഗം കെ.ബി മുരളി എന്നിവര്‍ പങ്കെടുത്തു.

ദുബായില്‍ പൊതുസമ്മേളനം വെള്ളിയാഴ്ച