ഫ്രീമോണ്ട് /കാലിഫോർണിയ: സാൻ ഫ്രാൻസിസ്കോ മേഖലയിലെ അയ്യപ്പ ഭക്തർ ഓക്ടോബർ പതിനാല് ഞായറാഴ്ച വൈകുന്നേരം നാലിന് ഫ്രീമോണ്ട് സിറ്റി സെൻട്രൽ പാർക്കിൽ യോഗം ചേർന്ന് ശബരിമലയിലെ ആചാരങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അയ്യപ്പ നാമജപവുമായി പ്രതിഷേധ യാത്ര നടത്തി. പരമാവധി തൊണ്ണൂറു പേർക്ക് പ്രകടനം നടത്താനാണ് ഫ്രീമോണ്ട് സെൻട്രൽ പാർക്ക് അധികൃതർ അനുവാദം നൽകിയത്.
കേരള ബിജെപി എൻആർഐ സെല്ലിന്റെ അമേരിക്കൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നോർത്ത് അമേരിക്കൻ മലയാളി ഓർഗനൈസേഷൻ, നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയ, ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി, സാൻ റമോണ് മാതാ അമൃതാനന്ദമയി ആശ്രമം, ഹിന്ദു സ്വയംസേവക് സംഘ്, ഭാരതി തമിഴ് സംഘം തുടങ്ങി പതിനഞ്ചോളം പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ സംബന്ധിച്ചു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പാകുന്നതുവരെ പ്രതിഷേധ പരിപാടികൾ തുടരാനായി ഒരു സമിതി രൂപീകരിച്ചു.
കേരള ബിജെപി എൻആർഐ സെല്ലിന്റെ സംസ്ഥാന സമിതി അംഗവും നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ സ്ഥാപകനുമായ രാജേഷ് നായർ പരിപാടികൾക്ക് നേതൃത്വം നൽകി. നോർത്ത് അമേരിക്കൻ മലയാളി ഓർഗനൈസഷൻ ഭാരവാഹി ശ്രീ അനു നായർ, ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി പ്രതിനിധി ശ്രീ ശ്യാംപ്രകാശ് ആന്തൂർ, കാലിഫോർണിയ എൻആർഐ സെൽ പ്രതിനിധി സുനിൽ അറ്റപ്പള്ളി, ഹിന്ദു സ്വയംസേവക് സംഘ് ഭാരവാഹി ഗോപകുമാർ, നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ പ്രസിഡന്റ് ശ്രീമതി സ്മിത നായർ, ഭാരതി തമിഴ് സംഘം പ്രസിഡന്റ് ടി.എസ് . റാം തുടങ്ങിയവർ ചടങ്ങുകൾ നിയന്ത്രിച്ചൂ.
റീമ നായർ, സ്മിത നായർ, വൃന്ദ പരിയങ്ങാട്, പ്രിയങ്ക പിള്ള തുടങ്ങി നിരവധി അയ്യപ്പ ഭക്തരായ സ്ത്രീകൾ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിശദമായി വ്യക്തമാക്കി. തുടർന്ന് വിവിധ സംഘടനകളുടെ പ്രതിനിധികൾ പ്രസംഗിച്ചു. മുതിർന്നവരോടൊപ്പം കുട്ടികളും ചേർന്ന ആവേശകരമായ ശരണം വിളിയാൽ മുഖരിതമായ പ്രകടനത്തോടുകൂടി സമ്മേളനം അവസാനിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
കാലിഫോർണിയയിൽ അയ്യപ്പ ഭക്തരുടെ നാമജപ പ്രതിഷേധം
11:12 PM Oct 16, 2018 | Deepika.com