ദമാം: കിഴക്കൻ പ്രവിശ്യ ഐഎംസിസി കമ്മിറ്റി അൽഖോബാറിൽ എസ്.എ. പുതിയവളപ്പിൽ അനുസ്മരണം സംഘടിപ്പിച്ചു. ദീർഘ കാലം ഇന്ത്യൻ നാഷണൽ ലീഗ് കേരള സംസ്ഥാന പ്രസിഡന്റായിരുന്ന എസ്.എ പുതിയവളപ്പിൽ വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്പോൾ, സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമായിരുന്ന അദ്ദേഹത്തിന്റെ പൊതുപ്രവർത്തന മാതൃക പുതുതലമുറക്ക് വാഴികാട്ടിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
തലശേരിയിലെ പ്രശസ്തമായ കേയി കുടുംബത്തിൽ കേരള രാഷ്ട്രീയത്തിലേയും മുസ്ലിം സമുദായ നേതൃത്വത്തിലേയും ഉന്നത സ്ഥാനീയനായിരുന്ന സി.കെ.പി ചെറിയ മമ്മുക്കേയിയുടെ മകനായി എല്ലാ വിധ സൗകര്യങ്ങളുടേയും നടുവിൽ ജനിക്കുകയും പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുകയും ചെയ്ത എസ്.എയുടെ ജീവിതത്തിലെയും പെരുമാറ്റത്തിലെയും ലാളിത്യത്യവും പൊതു പ്രവർത്തന രംഗത്ത് കാത്തുസൂക്ഷിച്ച വിശുദ്ധിയും അദേഹത്തെ അടുത്തറിഞ്ഞവരെയെല്ലാം എക്കാലവും ആകർഷിക്കുന്നതായിരുന്നുവെന്നും ഐഎംസിസി അനുസമരണ യോഗം അഭിപ്രായപ്പെട്ടു. യോഗം സൗദി ഐഎംസിസി ജനറൽ സെക്രട്ടറി ഹനീഫ് അറബി ഉദ്ഘാടനം ചെയ്തു. മുഫീദ് കൂരിയാടൻ എസ്.എ അനുസ്മരണ പ്രഭാഷണം നടത്തി.
യോഗത്തോടനുബന്ധിച്ചു നടത്തിയ പ്രവാസി നിയമ ബോധവൽകരണ ക്ലാസിൽ ദമാം ക്രിമിനൽ കോടതിയിലെ പരിഭാഷകനും കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ മുഹമ്മദ് നജാത്തി പ്രഭാഷണം നടത്തി. പ്രവാസ ലോകത്തെ വിവിധ നിയമ പ്രശ്നങ്ങളെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും വിവരിക്കുന്നതോടൊപ്പം ജീവിതചര്യകളിലും കാഴ്ചപ്പാടുകളിലും വേണ്ട തിരുത്തലുകളും തയാറെടുപ്പുകളുമുണ്ടെങ്കിൽ പുതിയ സാഹചര്യങ്ങളും പ്രതിസന്ധിഘട്ടങ്ങളും നേരിടാൻ ഇനിയും പ്രവാസികൾക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അബ്ദുൽ കരീം പയന്പ്ര അധ്യക്ഷത വഹിച്ചു. ഖലീൽ ചട്ടഞ്ചാൽ, നവാഫ് ഓസി, ഹാരിസ് ഏര്യാപാടി , ഇർഷാദ് കളനാട്, ഫക്രുദ്ധീൻ മറ്റത്തൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റാഷിദ് കോട്ടപ്പുറം സ്വാഗതും സാദിഖ് ഇരിക്കൂർ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
ഐഎംസിസിഎസ്എ പുതിയവളപ്പിൽ അനുസ്മരണവും നിയമ ബോധവത്കരണ ക്ലാസും
10:58 PM Oct 15, 2018 | Deepika.com