നിക്കി ഹാലെയുടെ രാജി ഇസ്രയേലിനെ ഞെട്ടിച്ചെന്ന് നെതന്യാഹു

10:00 PM Oct 11, 2018 | Deepika.com
ന്യൂയോർക്ക്: ഇസ്രയേലിന്‍റെ അടുത്ത സുഹൃത്തായ നിക്കി ഹാലെയുടെ അപ്രതീക്ഷിത രാജി രാജ്യത്തെ ഞെട്ടിച്ചെന്നു പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു. ഇസ്രയേൽ, സൂപ്പർ സ്റ്റാറെന്ന് അഭിമാനത്തോടെ വിളിക്കുന്ന ഇന്ത്യൻ വംശജയും അമേരിക്കയുടെ യുഎൻ പ്രതിനിധിയുമായ നിക്കി ഹാലെ ജനങ്ങളുടെ ഏറ്റവും വലിയ അംഗീകാരം ലഭിച്ച അമേരിക്കൻ ഉദ്യോഗസ്ഥരിൽ ഒരാളാണെന്നു നെതന്യാഹു പറ‍ഞ്ഞു.

ഇസ്രയേലിന്‍റെ തലസ്ഥാനം ടെൽ അവീവിൽ നിന്നും ജറുസലമിലേക്കു മാറ്റുന്നതിന് യുഎൻ ജനറൽ അസംബ്ലിയിൽ ശക്തമായ വാദമുഖങ്ങൾ നിരത്തിയ നിക്കി, ഇസ്രയേലിന്‍റെ ചരിത്രത്തിൽ പുതിയൊരധ്യായം എഴുതിചേർക്കുന്നതിൽ വിജയിച്ചതായും നെതന്യാഹു വ്യക്തമാക്കി.

ഇസ്രയേൽ യുഎൻ അംബാസഡർ ഡാനി ഡാനും നിക്കിയെ അഭിനന്ദിക്കുകയും ഇസ്രയേലിലേക്കു ക്ഷണിക്കുകയും ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ