ബഷീർ തൃത്താല വാഹനാപകടത്തിൽ മരിച്ചു

11:54 PM Oct 08, 2018 | Deepika.com
റിയാദ്: ദമാമിനടുത്ത് അബ്ഖൈക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് ഇന്ത്യക്കാർ മരിച്ചു. ഫുട്ബോൾ സംഘാടകനും മുൻ കളിക്കാരനുമായിരുന്ന പാലക്കാട് തൃത്താല അത്താണിക്കൽ സ്വദേശി പുത്തൻപീടികയിൽ മുഹമ്മദ് ബഷീർ (49) ആണ് മരിച്ച മലയാളി. അപകടത്തിൽ കൂടെ യാത്ര ചെയ്തിരുന്ന ചെന്നൈ സ്വദേശി ശ്രീറാം ശ്രീനിവാസനും മരിച്ചു. ഹൈദരബാദ് സ്വദേശി അയൂബ് ഖാൻ ഗുരുതരമായ പരിക്കുകളോടെ അബ്ഖൈഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

റിയാദിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന ബഷീർ ഓടിച്ചിരുന്ന വണ്ടിയുടെ മുകളിലേക്ക് എതിരെ വന്ന ട്രെയ് ലർ നിയന്ത്രണം വിട്ടു വന്ന് മറിയുകയായിരുന്നു. ട്രൈലറിന്‍റെ അടിയിൽ കുടുങ്ങി പോയ ഇവരെ വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് അപകടം. ബഷീറും ശ്രീനിയും സംഭവസ്ഥലത്തു തന്നെ മരിച്ചു.

തൃത്താല അത്താണിക്കൽ സ്വദേശി പുത്തൻപീടികയിൽ സൈദാലിയുടെയും ആമിനക്കുട്ടിയുടെയും മകനാണ് ബഷീർ. ബുഷ്റായാണ് ഭാര്യ. ഒരാൺകുട്ടിയും രണ്ട് പെണ്കുട്ടികളുമുണ്ട്.

സഹോദരൻ അലി ഒരു വര്ഷം മുൻപ് റിയാദിൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്നും വീണുണ്ടായ അപകടത്തിൽ മരണപ്പെട്ടിരുന്നു. രണ്ടു വർഷമായി നാട്ടിൽ പോയിട്ടില്ലാത്ത ബഷീർ രണ്ടു മാസത്തിനകം നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്.

സംഭവം അറിഞ്ഞ ഉടൻ സഹപ്രവർത്തകരായ ഹുസൈൻ തൃശൂർ, റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ബഷീർ ചേലേമ്പ്ര, പഴയ കാല ഫുട്ബോൾ താരം ശരീഫ് കാളികാവ് എന്നിവരും അബ്ഖൈക്കിൽ എത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾക്ക് ഇവരെ സഹായിക്കാൻ സ്പോൺസറും ദമാമിലെ സാമൂഹ്യപ്രവർത്തകനായ നാസ് വക്കവും ഇവരോടൊപ്പമുണ്ട്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ