ശബരിമലയെ തകര്‍ക്കുവാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കും : ശ്രീധരന്‍ പിള്ള

07:23 PM Oct 05, 2018 | Deepika.com
ഫര്‍വാനിയ (കുവൈത്ത്) : ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസി സമൂഹം ആരംഭിച്ചിട്ടുള്ള സമരത്തിന് ബിജെപി പൂര്‍ണ പിന്തുണ നല്‍കുമെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമത്തിനെതിരെ പാര്‍ട്ടി പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഭാരതീയ പ്രവാസി പരിഷത്തിന്‍റെ സാംസ്‌കാരിക സമ്മേളനത്തിന് പങ്കെടുക്കാൻ കുവൈത്തിലെത്തിയതായിരുന്നു അദ്ദേഹം.

എകെജിയും മറ്റ് മാര്‍കിസ്റ്റ് നേതാക്കളും ശ്രമിച്ചിട്ട് നടക്കാതിരുന്ന കാര്യത്തിനാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിന്‍റെ ദുര്‍വാശി ഉപേക്ഷിച്ച് ശബരിമല ക്ഷേത്രത്തിന് എതിരെയുള്ള നിലപാടില്‍ നിന്നും പിന്‍വാങ്ങി വിശ്വാസികളുടെ അവകാശം സംരക്ഷിക്കുവാന്‍ സംസ്ഥാന സർക്കാർ തയാറാകണം.

കഴിഞ്ഞ ദിവസം ഈ വിഷയങ്ങള്‍ സംസാരിക്കുന്നതിനായി ശബരിമല തന്ത്രി കുടുംബാംഗങ്ങളുമായും വിവിധ ഹൈന്ദവ ആചാര്യന്മാരുമായും പന്തളം രാജകുടുംബാംഗങ്ങളുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അതോടെപ്പം വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ യുവമോര്‍ച്ചയും മഹിളാ വിഭാഗമായ ഭാരതീയ മഹിളാമോര്‍ച്ചയും സമരരംഗത്ത്‌ സജീവമാണ്. റിവ്യു ഹര്‍ജി നല്‍കുമെന്ന് സംഘ് പരിവാര്‍ സംഘടനകള്‍ പ്രസ്താവിച്ചിരിക്കെ തിരിക്കിട്ട രീതിയില്‍ ശബരിമലയില്‍ യുവതികള്‍ക്ക് പ്രാര്‍ഥനക്ക് സൗകര്യമൊരുക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് സംശയാസ്പദമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

പത്ര സമ്മേളനത്തില്‍ ന്യൂഡല്‍ഹി എംപി മീനാക്ഷി ലേഖി, മംഗലാപുരം എംഎല്‍എ വേദവ്യാസ് കമ്മത്ത്, വിജയ രാഘവൻ തലശേരി, അഡ്വ.സുമോദ്, നാരായണൻ ഒതയോത്ത്, ടി.ജി.വേണുഗോപാൽ എന്നിവരും സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ