ബഹറിന്‍ എസ്കെഎസ്എസ്എഫ് "വിഖായ' സന്നദ്ധ-ബോധവത്കരണ കാന്പയിന് തുടക്കമായി

03:45 PM Oct 05, 2018 | Deepika.com
മനാമ: ബഹറിന്‍ എസ് കെ എസ് എസ് എഫിനു കീഴില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന വിഖായയുടെ വൈവിധ്യമാര്‍ന്ന ബോധവത്കരണ-സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മനാമയില്‍ തുടക്കമായി.

കാന്പയിന്‍ ഉദ്ഘാടനം സമസ്ത ബഹറിന്‍ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ നിര്‍വഹിച്ചു. നവംബർ 2 വരെ നീണ്ടു നില്‍ക്കുന്ന കാന്പയിനിന്‍റെ ഭാഗമായി ബഹറിനിലുടനീളം വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് നിർധന രോഗികൾക് സഹായം, മെഡിക്കൽ ക്യാമ്പ്, ആത്മഹത്യയ്ക്കെതിരെ ബോധവൽക്കരണം, ഹോസ്പിറ്റൽ സന്ദർശനം, സോഷ്യല്‍മീഡിയാ പ്രചരണം, ഏകദിന ക്യാന്പ് എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഒരാള്‍ മറ്റൊരാളെ സഹായിച്ചു കൊണ്ടിരിക്കുന്പോഴെല്ലാം അല്ലാഹു അവനെയും സഹായിക്കുമെന്ന തിരുവചനം ഉയര്‍ത്തിപ്പിടിച്ച് ഓരോ സന്നദ്ധ സേവകനും ജീവിക്കണമെന്ന ആഹ്വാനത്തോടെയാണ് സംഗമം അവസാനിച്ചത്.

ചടങ്ങില്‍ എസ് കെ എസ് എസ് എഫ് ബഹറിന്‍ പ്രസിഡന്‍റ് ഉസ്താദ് അശ്റഫ് അൻവരി ചേലക്കര അധ്യക്ഷത വഹിച്ചു. സമസ്ത ബഹറിന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉസ്താദ് റബീഹ് ഫൈസി അമ്പലക്കടവ് പ്രമേയ പ്രഭാഷണവും സമസ്ത ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് ആശംസാ പ്രഭാഷണവും നിര്‍വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി നവാസ് കുണ്ടറ നന്ദിയും പറഞ്ഞു. സമസ്ത ബഹറിന്‍ - എസ് കെ എസ് എസ് എഫ് കേന്ദ്ര-ഏരിയാ നേതാക്കൾ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.