പ്രവീൺ വർഗീസ് വധം; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം 28 ന് പരിഗണിക്കും

07:16 PM Sep 25, 2018 | Deepika.com
ഇല്ലിനോയ്: പ്രവീൺ വർഗീസ് കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ഫസ്റ്റ് ഡിഗ്രി മർഡറിന് ശിക്ഷ നൽകണമെന്ന ജൂറി തീരുമാനം, അസാധാരണ ഉത്തരവിലൂടെ ജാക്സൺ കൗണ്ടി ജ‍ഡ്ജി മാർക്ക് ക്ലാർക്ക് തള്ളികളയുകയും പ്രതിയെന്ന് ജൂറി വിധിച്ച ബഫൂണിനെ വിട്ടയക്കുകയും ചെയ്തതിനെതിരെ പ്രോസിക്യൂഷൻ നിയമ നടപടി സ്വീകരിച്ചു.

ഇല്ലിനോയ് സ്പെഷൽ പ്രോസിക്യൂട്ടറാണ് (ഡേവിഡ് റോബിൻസൺ) ഇതേ കോടതിയിൽ ബഫൂണിന്‍റെ ജാമ്യം റദ്ദാക്കുകയോ, പുതിയ ജാമ്യ വ്യവസ്ഥകൾ ഉൾപ്പെടുത്തുകയോ വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

സെപ്റ്റംബർ 17 നായിരുന്നു കോടതി ബഫൂണിനെ വിട്ടയ്ക്കുന്നതിനും കേസ് പുനർവിചാരണ ചെയ്യണമെന്നും ഉത്തരവിട്ടിരുന്നത്. എന്നാൽ പുനർവിചാരണയ്ക്ക് കോടതി തീയതി നിശ്ചയിച്ചിരുന്നില്ല. പ്രതി ബഫൂൺ ജയിലിലായിരുന്നപ്പോഴും സ്വതന്ത്രനായി പുറത്തിറങ്ങിയപ്പോഴും നിയമലംഘനം നടത്തുന്നു എന്നു ചൂണ്ടികാണിച്ചാണു ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രൊസിക്യൂഷൻ മോഷൻ മൂവ് ചെയ്തിരിക്കുന്നത്. പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി പരിശോധിച്ചതിനുശേഷം വാദം കേൾക്കുന്നത് സെപ്റ്റംബർ 28 ലേക്ക് മാറ്റി.

കേസിൽ പ്രോസിക്യൂഷന്‍റെ നിലപാട് വളരെ ശക്തമാണെന്നുള്ളത് അൽപമെങ്കിലും പ്രതീക്ഷ നൽകുന്നുണ്ട്. ജൂറിയുടെ തീരുമാനം തള്ളിയ ജഡ്ജി പുതിയ അപേക്ഷയിൽ എന്തു നിലപാടാണ് സ്വീകരിക്കുക എന്നതിന് 28 വരെ കാത്തിരിക്കേണ്ടി വരും.

റിപ്പോർട്ട് :പി.പി. ചെറിയാൻ