സംഭാവനയായി അയച്ച പഴപ്പെട്ടിയിൽ നിന്നും 18 മില്യൺ ഡോളർ കൊക്കെയ്ൻ പിടിച്ചു

10:43 PM Sep 24, 2018 | Deepika.com
ടെക്സസ് : ഫ്രീഫോർട്ടിലെ പോർട്ട് ഓഫ് അമേരിക്കയിൽ നിന്നും ടെക്സസ് പ്രിസണിലേക്ക് സംഭാവനയായി അയച്ച പഴങ്ങളുടെ പെട്ടിയിൽ ഒളിച്ചുവച്ചിരുന്ന 18 മില്യൺ ഡോളർ വില വരുന്ന കൊക്കെയിൻ പിടിച്ചെടുത്തതായി ടെക്സസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ക്രിമിനൽ ജസ്റ്റീസ് അധികൃതർ അറിയിച്ചു.

ബ്രിസോറിയൊ കൗണ്ടി വയൻ സ്കോട്ട് യൂണിറ്റിലേക്ക് സംഭാവനയായി അയച്ച പഴപ്പെട്ടികളിൽ സംശയം തോന്നിയ ഒരെണ്ണം പൊളിച്ചു നോക്കിയപ്പോഴാണ് വെള്ള നിറത്തിലുള്ള പൊടി കണ്ടെത്തിയത്. 45 ബോക്സുകളാണ് പല്ലറ്റിൽ ഉണ്ടായിരുന്നത്. യുഎസ് കസ്റ്റംസ് അധികൃതർ പൊടി പരിശോധിച്ചു കൊക്കെയ്നാണെന്ന് സ്ഥിരീകരിച്ചു. ഇത് ആരാണ് അയച്ചതെന്ന് വെളിപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല. ഡ്രഗ് എൻഫോഴ്സ്മെന്‍റ് അഡ്മിനിസ്ട്രേഷൻ ആൻഡ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ സംഭവത്തെ കുറിച്ചു ഉന്നതതല അന്വേഷണം ആരംഭിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ