കൊളംബസ് സിങ്‌സ് ഫോര്‍ കേരള

12:07 PM Sep 20, 2018 | Deepika.com
ഒഹായോ: കേരളത്തിലെ പ്രളയബാധിതര്‍ക്ക് സാന്ത്വനമേകുവാന്‍ സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ കൊളംബസിന്റെ നേതൃത്വത്തില്‍ കൊളംബസ് പെന്തക്കോസ്തല്‍ അസംബ്ലി (സിപിഎ), ഒഎംസിസി, സെന്റ് എഫ്രേംസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നിവര്‍ സംയുക്തമായി 'കൊളംബസ് സിങ്‌സ് ഫോര്‍ കേരള' എന്ന പേരില്‍ ഒരു ചാരിറ്റി മ്യൂസിക്കല്‍ ഇവന്റ് ഒരുക്കുന്നു.

സെപ്റ്റംബര്‍ 22നു ശനിയാഴ്ച രാവിലെ പതിനൊന്നു മുതല്‍ ഉച്ചകഴിഞ്ഞ മൂന്നു വരെ സെന്റ് ജോസഫ് മോണ്ടിസോറി സ്‌കൂളിന്റെ റയണ്‍ ഹാളില്‍ വച്ചാണ് ഇവന്റ് നടത്തപ്പെടുക. സംഗീതപരിപാടിക്ക് പുറമെ രുചിയേറിയ നാടന്‍ ഭക്ഷണമേള, തംബോല, ഓക്ഷന്‍ എന്നിവയും ഇവന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും പ്രളയം മൂലം ഭവനം നഷ്ടപ്പെട്ട നിര്‍ധനരായ വ്യക്തികള്‍ക്ക് നല്‍കുന്നതാണ്.

പ്രകൃതി സൗന്ദര്യംകൊണ്ട് അനുഗ്രഹീതമായ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിന് ഈ ദുരന്തത്തില്‍ നിന്നും കരകയറുവാന്‍ നമ്മുടെയെല്ലാം സഹായം ആവശ്യമാണ്. എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഇവന്റിന്റെ വിജയത്തിനായി പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം