ന്യൂയോർക്ക്: കേരളത്തിലെ പ്രളയ ബാധിതർക്കു സഹായമെത്തിക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച അമേരിക്കൻ മലയാളികളുമായി ചർച്ച നടത്തും. മത നേതാക്കൾ, സംഘടനാ ഭാരവാഹികൾ, വ്യവസായികൾ തുടങ്ങി ക്ഷണിക്കപ്പെട്ട സദസിലാണു ചർച്ചകൾ.
റോക്ക്ലാൻഡ് കൗണ്ടിയിലെ സഫേണിലുള്ള ക്രൗണ്‍ പ്ലാസായിൽ സെപ്റ്റംബർ 20 വൈകിട്ട് ആറു മുതൽ നടക്കുന്ന സമ്മേളനത്തിൽ നൂറോളം പേരാണു പങ്കെടുക്കുക. പൊതു സമ്മേളനത്തിനു പകരം ചർച്ചാ സമ്മേളനമായി ചുരുക്കുകയായിരുന്നു.
ദുരിതാശ്വാസ പ്രവർത്തനത്തിനു തങ്ങളുടെ സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന പ്രവർത്തനങ്ങൾ പങ്കെടുക്കുന്നവർ മുഖ്യമന്ത്രിയെ അറിയിക്കും. കേരളത്തിന്റെ ഇപ്പോഴത്തെ അടിയന്തരാവശ്യങ്ങളും സ്ഥിതിഗതികളും മുഖ്യമന്ത്രി വിശദീകരിക്കും. ഇതിനകം നല്ലൊരു തുക കേരളത്തിനു നൽകിയ അമേരിക്കൻ മലയാളികളോടുള്ള നന്ദിയും മുഖ്യമന്ത്രി അറിയിക്കും. വലിയ തോതിലല്ലെങ്കിലും അമേരിക്കൻ മലയാളികളുമായി ബന്ധപ്പെടാനുള്ള അവസരമെന്ന നിലയിലാണു സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
കേരളം പ്രളയ ദുരിതം അനുഭവിച്ച ഈ പ്രത്യേക സാഹചര്യത്തിൽ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളോട് സംസാരിക്കാതെ പോകുന്നത് ശരിയല്ല എന്ന തീരുമാനത്തെ തുടർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
നവകേരളം എങ്ങനെ പടുത്തുയർത്താം, അതിനുവേണ്ടി യുഎസ് മലയാളികളിൽ നിന്നു സർക്കാർ എന്തെല്ലാം സഹായമാണ് പ്രതീക്ഷിക്കുന്നതെന്നത് ചടങ്ങിൽ മുഖ്യമന്ത്രി വിശദീകരിക്കുമെന്നു കരുതുന്നു. ചടങ്ങിൽ ഫണ്ട് സമാഹരിക്കുകയോ തുക ഏറ്റുവാങ്ങുകയോ ചെയ്യില്ല. വൈകാതെ ധനമന്ത്രി തോമസ് ഐസക്ക് അമേരിക്കയിൽ ഇതുമായി ബന്ധപ്പെട്ട് എത്തുന്നുണ്ട്. മുഖ്യമന്ത്രി 24നു കേരളത്തിൽ തിരിച്ചെത്തും.
ഫൊക്കാന, ഫോമ, വേൾഡ് മലയാളി കൗണ്‍സിൽ, ചേംബർ ഓഫ് കൊമേഴ്സ്, വിവിധ സംഘടനകൾ തുടങ്ങിയവയുടെയൊക്കെ ഭാരവാഹികൾ പങ്കെടുക്കുന്നുണ്ട്. എല്ലാ അമേരിക്കൻ മലയാളികളെയും ഒന്നിച്ചു അണിനിരത്തുന്ന സമ്മേളനം എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പരിപാടികൾക്ക് രൂപം നല്‍കിയതെന്നു സംഘാടകരിലൊരാളായ പോൾ കറുകപ്പള്ളിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ മലയാളികളുമായി വ്യാഴാഴ്ച ചർച്ച നടത്തും
11:12 PM Sep 19, 2018 | Deepika.com