ഹൂസ്റ്റണ്‍: ഹൃസ്വസന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിച്ചേരുന്ന മുതിർന്ന പത്രപ്രവർത്തകൻ എ.ജെ. ഫിലിപ്പിനു ഹൂസ്റ്റണിൽ സ്വീകരണം ഒരുക്കുന്നു. ഇന്തോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെയും (IAPC) ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്റെയും (HRA) സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്.
സെപ്റ്റംബർ 30നു ഞായറാഴ്ച വൈകുന്നേരം 5ന് സ്റ്റാഫോർഡിലുള്ള ഡെലിഷ്യസ് കേരളം കിച്ചൻ റെസ്റ്റോറന്റിലാണ് (732, Murphy Road, Stafford, Texas 77477) സമ്മേളനം.
ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലിപ്പ് ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിൽ സ്ഥിരമായി എഴുതുന്ന ഒരു പ്രമുഖ കോളമിസ്റ്റാണ്. ഇന്ത്യൻ എക്സ്പ്രസ്, ലോക്മാത് ടൈംസ് എന്നീ ദിനപത്രങ്ങളിൽ എഡിറ്റോറിയൽസ് എഴുതുന്ന ഇദ്ദേഹം ഇന്ത്യയിലെ പ്രമുഖ വാരാന്ത്യ പത്രമായ ’ഇന്ത്യൻ കറന്റ്’ വീക്കിലിയിൽ കഴിഞ്ഞ 25 വർഷമായി പ്രത്യേക കോളം എഴുതി വരുന്നു.
45 വർഷങ്ങളായി മാധ്യമരംഗത്തു പ്രവർത്തിക്കുന്ന ഇദ്ദേഹം 1973ൽ ഇന്ത്യ പ്രസ് ഏജൻസിയിൽ (IPA) കൂടി മാധ്യമ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. നോബൽ പുരസ്കാര ജേതാവ് അമർത്യാ സെൻ സ്ഥാപിച്ച പ്രടിച്ചി (ഇന്ത്യ) ട്രസ്റ്റിന്റെ സ്ഥാപക ഡയറക്ടറാണ്. ഫ്രീലാൻസ് റിപ്പോർട്ടർ എന്ന നിലയിൽ ഇന്ത്യയിലെ നിരവധി മുഖ്യധാര പത്രങ്ങളിലും മാസികകളിലും ആനുകാലിക ലേഖനങ്ങൾ എഴുതി ശ്രദ്ധേയനായ ഇദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ മലയാളം ന്യൂസ് റീഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാർത്തോമാ സഭയുടെ ഒൗദ്യോഗിക മുഖപത്രമായ മലങ്കര സഭാ താരകയുടെ എഡിറ്റോറിയൽ ബോർഡ്അംഗം, ഫരീദാബാദ് ധർമ്മജ്യോതി വിദ്യാപീത് ഗവേർണിംഗ് ബോർഡ്അംഗം, ഇന്ത്യ പ്ലാനിംഗ് കമ്മീഷൻ അസസ്മെന്റ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.
കായംകുളം സ്വദേശിയായ ഇദ്ദേഹത്തിന്റെ മാതാവ് റാന്നി തോട്ടമണ്‍ പുളിക്കൽ കുടുംബാംഗമാണ്. റാന്നി എം.എസ്. ഹൈസ്കൂൾ പൂർവവിദ്യാർത്ഥിയാണ് ഇദ്ദേഹം. ഈ മുതിർന്ന മാധ്യമ പ്രവർത്തകനെ പരിചയപെടുന്നതിനും പ്രഭാഷണം ശ്രവിക്കുന്നതിനും ഏവരെയും സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്;
സി.ജി. ഡാനിയേൽ 832 641 7119
ജീമോൻ റാന്നി 407 718 4805
റോയ് തോമസ് 832 768 2860
ജിൻസ് മാത്യു കിഴക്കേതിൽ 832 278 9858
റിപ്പോർട്ട്: തോമസ് മാത്യു
മുതിർന്ന മാധ്യമപ്രവർത്തകൻ എ.ജെ. ഫിലിപ്പിന് ഹൂസ്റ്റണിൽ സ്വീകരണം
10:24 PM Sep 18, 2018 | Deepika.com