എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്: ചിക്കാഗോ കൈരളി ലയണ്‍സിന് വിജയം

02:23 PM Sep 17, 2018 | Deepika.com
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മലയാളി വോളിബോള്‍ രംഗത്ത് പുതിയ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് പതിമൂന്നാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് തിരശ്ശീല വീഴുമ്പോള്‍ ഷിക്കാഗോ കൈരളി ലയണ്‍സ് ഹാട്രിക്കോടെ എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി നേടി.

ഫൈനലില്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ശക്തരായ താമ്പ ടൈഗേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്.

ടൂര്‍ണമെന്റിന്റെ എംവിപി ആയി തെരഞ്ഞെടുത്തത് ഷിക്കാഗോ കൈരളി ലയണ്‍സിന്റെ നിഥിന്‍ തോമസാണ്. ബെസ്റ്റ് ലിബറോ മെറിള്‍ മംഗലശേരില്‍ (കൈരളി ലയണ്‍സ്), ബെസ്റ്റ് സെറ്റര്‍ ഷോണ്‍ പണയപറമ്പില്‍ (കൈരളി ലയണ്‍സ്), ബെസ്റ്റ് ഒഫന്‍സ് 'ടിബിള്‍ തോമസ് (താമ്പ ടൈഗേഴ്‌സ്) എന്നിവരാണ്.

ഷിക്കാഗോ കൈരളി ലയണ്‍സിന്റെ ഈ ഉജ്ജ്വലവിജയത്തിന് ചുക്കാന്‍ പിടിച്ചത് കൈരളി ലയണ്‍സിന്റെ കോച്ച് സിബി കദളിമറ്റമാണെന്ന് ക്യാപ്റ്റന്‍ റിന്റു ഫിലിപ്പ് പറഞ്ഞു.

അമേരിക്കന്‍ മലയാളി വോളിബോളിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ചവരില്‍ മുഖ്യനായിരുന്ന ശ്രീ. എന്‍.കെ. ലൂക്കോസിന്റെ ആകസ്മികമായ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി വര്‍ഷംതോറും അമേരിക്കയിലെ പല സ്റ്റേറ്റുകളിലായി നടത്തി വരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന് ഫാ. ജോയി ചക്കിയാന്റെയും മാത്യു ചെരുവിലിന്റെയും നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിട്രോയിറ്റ് ആതിഥേയത്വം അരുളി.

എന്‍.കെ. ലൂക്കോസ് നടൂപ്പറമ്പില്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ആശീര്‍വ്വാദത്തോടു കൂടി ഡെട്രോയിറ്റ് ഈഗിള്‍സ് വോളിബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എലൈറ്റ് സ്‌പോഡ്‌സ് പ്ലെക്‌സ് വോളിബോള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ടൂര്‍ണമെന്റ് നടത്തപ്പെട്ടത്.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം