ഉഴവൂര്‍ പിക്‌നിക്ക് അവിസ്മരണീയമായി

02:23 PM Sep 17, 2018 | Deepika.com
ഷിക്കാഗോ: ഉഴവൂര്‍ പിക്‌നിക്ക് അവിസ്മരണീയമായി. ഷിക്കാഗോ: ഉഴവൂരും സമീപപ്രദേശങ്ങളില്‍ നിന്നുമായി ഷിക്കാഗോയില്‍ വസിക്കുന്ന പ്രവാസി മലയാളികളുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ എട്ടിനു ശനിയാഴ്ച രാവിലെ നടന്ന പിക്‌നിക് സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ഡെസ്‌പ്ലെയിന്‍സ് വില്ലേജിലുള്ള ലയണ്‍സ് വുഡ് പാര്‍ക്കില്‍ വച്ച് നടത്തിയ പിക്‌നിക്കില്‍ മുഖ്യാതിഥിയായി എത്തിയ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ജോസ് തോമസ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കോളേജ് അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് തദവസരത്തില്‍ ആശംസാ പ്രസംഗം നടത്തി.കുട്ടികളുടെ മിഠായി പെറുക്കലോടുകൂടി തുടക്കമിട്ട പിക്‌നിക്കില്‍ യുവജനങ്ങള്‍ക്കായി നിരവധി കായിക മത്സരങ്ങള്‍ ഒരുക്കിയിരുന്നു. തല്‍സമയം പാചകം ചെയ്‌തെടുത്ത ആഹാര ക്രമീകരണങ്ങളും, നര്‍മ്മരസം കലര്‍ന്ന കളിചിരികളുമായി ഏവരും ഒത്തുചേരല്‍ ആസ്വാദകരമാക്കി. ജന്മനാടിന്റെ ഗൃഹാതുര സ്മരണകള്‍ തൊട്ടുണര്‍ത്തി ഏവരിലും സൗഹൃദത്തിന്റെ ആവേശം ജനിപ്പിച്ച ഈ സംഗമത്തിന് ഷിക്കാഗോയുടെ വിവിധ സബേര്‍ബുകളില്‍ നിന്നുമായി നൂറുകണക്കിനു ഉഴവൂര്‍ക്കാര്‍ ഒന്നിച്ചുകൂടിയത് ഏറെ തിളക്കമായി.

കാലാകാലങ്ങളായി ഉഴവൂര്‍ പിക്‌നിക് സംഗമത്തിലെ സജീവ പ്രവര്‍ത്തകരും നിറസാന്നിധ്യവും ആയിരുന്ന കാരാപ്പള്ളില്‍ കുര്യന്‍ സാറിന്റെയും കരമാലി മത്തായിടെയും വേര്‍പാടിന്റെ ദുഃഖവും സ്മരണയും പങ്കുവെച്ച് കൊണ്ട് സംഗമത്തിന്റെ മുഖ്യസംഘാടകന്‍ ബെന്നി കാഞ്ഞിരപാറ സംസാരിക്കുകയും ഏവര്‍ക്കും നന്ദി പറയുകയും ചെയ്തു. സൈമണ്‍ ചക്കാലപടവില്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, സാബു നടുവീട്ടില്‍, ബെന്നി പടിഞ്ഞാറേല്‍, സാബു ഇലവുങ്കല്‍, മനോജ് അമ്മായികുന്നേല്‍, അബി കീപാറയില്‍, അജീഷ് കാരപ്പള്ളി. എന്നിവരുടെ നേതൃത്വത്തില്‍ പരിപാടികളുടെ വിജയത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം