വിൽമിംഗ്ടണിലുണ്ടായ അതിശക്തമായ കാറ്റിൽ മരം വീണാണ് മാതാവും കുഞ്ഞും മരിച്ചത്. കുഞ്ഞിന്റെ പിതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടോടെ 78,8916 വീടുകളിൽ വൈദ്യുത ബന്ധം തകരാറിലായി. പല വീടുകളിലും വെള്ളം കയറിയതിനാൽ താമസ യോഗ്യമല്ലാതായിട്ടുണ്ട്. വിൽമിംഗ്ടണ്‍ എയർപോർട്ടിൽ 105 മൈൽ വേഗതയിൽ കാറ്റടിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോർത്ത് കരോളൈനയിലെ ന്യുക്ലിയർ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു. 40 ഇഞ്ചു വരെ മഴ ലഭിച്ചതായും അധികൃതർ പറയുന്നു.
കടൽ തീരങ്ങളിലുള്ളവർ അഭയ കേന്ദ്രങ്ങളിൽ എത്തണമെന്നും വാഹനത്തിൽ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗത്ത് കരോളൈനയിൽ എത്തുന്പോൾ ഫ്ളോറൻസിന്റെ ശക്തി കുറഞ്ഞു ഒഹായൊ വെസ്റ്റ് വെർജീനിയ സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുമെന്നും ജാഗ്രതാ നിർദ്ദേശം നൽകി. പല വിമാനത്താവളങ്ങളുടേയും പ്രവർത്തനം താറുമാറായിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ