ന്യുയോർക്ക് സ്റ്റേറ്റ് പ്രൈമറിയിൽ ജൂലിയ സലസാറിന് അട്ടിമറി വിജയം

10:24 PM Sep 14, 2018 | Deepika.com
ന്യൂയോർക്ക്: സ്റ്റേറ്റ് സെനറ്റിലേക്ക് നടന്ന പ്രൈമറിയിൽ ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർഥി ജൂലിയ സലസാറിന് അട്ടിമറി വിജയം. ബ്രൂക്ക് ലിൻ 18–ാം ഡിസ്ട്രിക്റ്റിൽ നിന്നും 16 വർഷമായി തുടർച്ചയായി ജയിച്ചു വന്നിരുന്ന ഡമോക്രാറ്റിക് സീനിയർ പാർട്ടി നേതാവ് മാർട്ടിൻ ഡെലനെയാണ് ജൂലിയ പരാജയപ്പെടുത്തിയത്.

ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട 88 ശതമാനം വോട്ടുകളിൽ 58 ശതമാനം വോട്ടുകൾ നേടിയാണ് ജൂലിയ വൻ വിജയം കരസ്ഥമാക്കിയത്. റിപ്പബ്ലിക്കൻ പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവർ ഗർഭച്ഛിദ്രത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചത് ഡമോക്രാറ്റിക് പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പു സമയങ്ങളിൽ വിവാദ നായികയായിരുന്ന ഇവർക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഫ്ളോറിഡയിൽ ജനിച്ച ജൂലിയ കൊളംബിയയിൽ നിന്നുള്ള ഇമിഗ്രന്‍റായിരുന്നുവെന്ന മാധ്യമ റിപ്പോർട്ടും ട്രസ്റ്റ് ഫണ്ടിനെകുറിച്ച് ഉയർന്ന ചോദ്യങ്ങളും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

എതിർ സ്ഥാനാർഥി മാർട്ടിൻ 2002 ൽ സ്റ്റേറ്റ് സെനറ്റ് ഡമോക്രാറ്റിക് കോൺഫറൻസ് ലീഡർഷിപ്പിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാർട്ടിന്‍റെ പരാജയം അപ്രതീക്ഷിതമായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ