സിസ്റ്റര്‍ സംഗീത അയിത്തമറ്റം എസ്‌സിഎന്‍ മദര്‍ ജനറാള്‍

02:41 PM Sep 14, 2018 | Deepika.com
കെന്റക്കി: സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് നസ്രത്തിന്റെ പുതിയ മദര്‍ ജനറാള്‍ (പ്രസിഡന്റ്) ആയി സംഗീത അയിത്തമറ്റത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് ജനറാളുമാരായി സി. ജാക്വി ജേസു, സി. അഡലിന്‍ ഫെഹ്രിബിച്ച് എന്നിവരേയും തെരഞ്ഞെടുത്തു.

സിസ്റ്റര്‍ സംഗീത അയിത്തമറ്റം എസ്.സി.എന്‍ സഭയുടെ ആദ്യത്തെ മലയാളി മദര്‍ ജനറാളാണ്. തലശേരി അതിരൂപതയിലെ ആലക്കോട്, പരപ്പ ഇടവകാംഗമാണ്. 2018 സെപ്റ്റംബര്‍ ഒന്നാംതീയതി സി. സംഗീതയുടെ നേതൃത്വത്തിലുള്ള പുതിയ കൗണ്‍സില്‍ ചുമതലയേറ്റു. 1812ല്‍ അമേരിക്കയിലെ കെന്റക്കിയില്‍ സ്ഥാപിതമായ സന്യാസസഭയാണ് സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് നസറത്ത്.

അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഇന്ത്യ എന്നിവടങ്ങളില്‍ വിദ്യാഭ്യാസം, ആശുപത്രികള്‍, സാമൂഹിക പ്രവര്‍ത്തനം എന്നീ മേഖലകളില്‍ സഭ സേവനം ചെയ്യുന്നു. അമേരിക്കയിലെ 20 സംസ്ഥാനങ്ങളില്‍ സിസ്റ്റേഴ്‌സ് ഓഫ് നസറത്തിന്റെ സേവനം ലഭ്യമാണ്. കെന്റക്കിയിലുള്ള സ്പാല്‍ഡിങ്ങ് യൂണിവേഴ്‌സിറ്റി സഭയുടേതാണ്.

ഇന്ത്യയില്‍ കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലും സഭാംഗങ്ങള്‍ സേവനം ചെയ്യുന്നു. ആലക്കോട്, പരപ്പ അയിത്തമറ്റത്തില്‍ പരേതരായ മാത്യുവിന്റേയും മേരിയുടേയും മകളാണ് സി. സംഗീത. അഞ്ച് സഹോദരന്മാരും, അഞ്ച് സഹോദരിമാരും ഉണ്ട്.

ബിജു ആന്‍ഡ് പ്രിന്‍സി ആലുംമൂട്ടില്‍ ലോസ്ആഞ്ചലസ്, സി. എല്‍സ കോയിക്കല്‍ നോര്‍ത്ത് കരോളിന, ഫാ. ജോസ് കോയിക്കല്‍ വൈസ് പ്രൊവിന്‍ഷ്യാള്‍ ഡോണ്‍ബോസ്‌കോ ബാംഗ്ലൂര്‍ എന്നിവര്‍ സഹോദര മക്കളാണ്. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം