മലപ്പുറം : തീവ്രമായ അനുഭവങ്ങളുടെ കലവറയാണ് പ്രവാസ ലോകമെന്നും മനുഷ്യ ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളാൽ ധന്യമായ പ്രവാസ കഥകൾക്ക് പ്രസക്തിയേറുകയാണെന്നും പ്രവാസി മാധ്യമ പ്രവർത്തകനും മീഡിയ പ്ലസ് സിഇഒയുമായ ഡോ അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.
മങ്കട ഗവ.എൽ.പി സ്കൂളിൽ മുനീർ മങ്കടയുടെ നിലാവുറങ്ങുന്ന മരുഭൂമികൾ എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് പ്രവാസത്തിന് ആറ് പതിറ്റാണ്ട് പിന്നിടുന്പോഴും പ്രവാസി ചരിത്രവും പ്രവാസി കഥകളും ഇനിയും വേണ്ട രൂപത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.
മങ്കട പൊതുജന വായനശാലയും സൈൻ മങ്കടയുടെയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കും ജീവൻ നഷ്ടപെട്ടവരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചു മൗന പ്രാർഥനയോടെയാണ് ചടങ്ങ് തുടങ്ങിയത്. വായനശാല പ്രസിഡന്റ് സി. അരവിന്ദൻ അധ്യക്ഷത വഹിച്ചു . ഇഖ്ബാൽ മങ്കട പുസ്തക പരിചയപ്പെടുത്തി. ഫാറൂഖ് കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വി. ഹിക്മത്തുള്ള പുസ്തകം പ്രകാശനം ചെയ്തു.
ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ബുക്ക്പ്രൈസ് കരസ്ഥമാക്കിയ ഇഖ്ബാൽ മങ്കടക്കുള്ള സൈൻ മങ്കടയുടെ സ്നേഹോപഹാരം പി.ടി. ഗ്രൂപ്പ് ചെയർമാൻ. പി.ടി.അൻവർ സമ്മാനിച്ചു. തുടർന്നു നടന്ന ആശയ സംവാദത്തിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെകുറിച്ചുള്ള ചർച്ചയ്ക്ക് സൈൻ മങ്കടയുടെ പ്രസിഡന്റ് ഗോപാലൻ മങ്കട മോഡറേറ്ററായി. സലാം എലിക്കോട്ടിൽ, പി.ടി ഷറഫുദ്ധീൻ, ഫൈസൽ മാന്പള്ളി, അനിൽ മങ്കട, അഡ്വ.ടി. കുഞ്ഞാലി, പി.രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ശശികുമാർ മങ്കട, ഷാഹിന തറയിൽ, ഗോപാലൻ മാസ്റ്റർ, ബാപ്പുകൂട്ടിൽ, സീന, സന്തോഷ് പാറൽ, ജാസ്മിൻ ഫിറോസ്, ഉമർ തയ്യിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രവാസ കഥകൾക്ക് പ്രസക്തിയേറുന്നു : ഡോ അമാനുല്ല വടക്കാങ്ങര
12:34 AM Aug 22, 2018 | Deepika.com