ഡാളസ്: ഇന്ത്യൻ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ നിര്യാണത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസും ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്ഷിപ്പ് കൗണ്‍സിലും സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു.
ഓഗസ്റ്റ് 18ന് ഇന്ത്യൻ അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ ഐഎഎൻടി, ഐഎഎഫ്സി ബോർഡ് അംഗങ്ങൾക്ക് പുറമെ ഹൂസ്റ്റണ്‍ കോണ്‍സലേറ്റ് ജനറൽ വൈസ് കോണ്‍സലർ രാകേഷ് ബനാട്ടി, ഡോ. പ്രസാദ് തോട്ടകൂറ, കമാൽ കൗശിൽ തുടങ്ങിയവർ മുൻ പ്രധാനമന്ത്രിയുടെ സ്മരണകൾ പങ്കുവച്ചു. ഇന്ത്യക്കും ലോക ജനതയ്ക്കും വാജ്പേയി നൽകിയ സംഭാവനകൾ വിലയേറിയതായിരുന്നുവെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇലക്ട് ബി.എൻ. റാവു വാജ്പേയിയുടെ അലങ്കരിച്ച ചിത്രത്തിനു മുന്പിൽ ദീപം തെളിയിച്ചു. ഭാരതത്തിന്റെ വളർച്ചയിൽ വാജ്പേയി പ്രധാന മന്ത്രിയെന്ന നിലയിൽ വഹിച്ച പങ്ക് നിർണായകമായിരുന്നുവെന്നു റാവു അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് അബിജ്ത് റെയ്ൽക്കൽ ചടങ്ങിൽ പങ്കെടുത്തവർക്ക് പ്രത്യേകം നന്ദി പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ