മക്ക: പ്രളയകെടുതിയിൽ രക്ഷാ പ്രവർത്തനത്തിൽ സ്ത്രീകളടക്കമുള്ളവർക്ക് തന്റെ പുറത്ത് ചവിട്ടി ബോട്ടിലേക്ക് കയറാൻ സഹായിച്ച താനൂർ ചാപ്പപ്പടി ജെയ്സലിന് വീട് നിർമിച്ചു നൽകാൻ ഐസിഎഫ് ഗൾഫ് കൗണ്‍സിൽ തീരുമാനിച്ചു.
സ്വന്തമായി വീടില്ലാത്തതടക്കമുള്ള ദുരിതപൂർണമായ ജീവിതാവസ്ഥയിലും സഹജീവികളുടെ ദുരിതമകറ്റാൻ പതിനാറുകൊല്ലമായി സേവന നിരതനായ ജെയ്സലിന്റെ അവസ്ഥ വാർത്തകളിലൂടെ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ, എസ്വൈഎസ് സ്റ്റേറ്റ് കമ്മിറ്റിയുടെ ദാറുൽ ഖൈർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകാൻ ഐസിഎഫ് തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ പ്രളയ ബാധിത മേഖലകളിൽ നടക്കുന്ന ദുരിതാശ്വാസപുനരധിവാസ പ്രവർത്തനങ്ങളിൽ ഉൗർജിതമായി ഇടപെടാനും കമ്മിറ്റി തീരുമാനിച്ചു. ഇതു സംബന്ധമായി ചേർന്ന യോഗത്തിൽ മന്പാട് അബ്ദുൽ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം ഹാജി മേമുണ്ട (ഖത്തർ),തെഞ്ചേരി അലവി സഖാഫി, അബ്ദുല്ല വടകര (കുവൈത്ത്), നിസാർ സഖാഫി, മുഹമ്മദ് റാസിഖ് (ഒമാൻ), ശരീഫ് കാരശേരി, ഹമീദ് ഈശ്വരമംഗലം (യു എ ഇ), എം സി അബ്ദുൽ കരീം, മുസ്തഫ ഹാജി ബഹ്റൈൻ), മുജീബുർറഹ്മാൻ എ ആർ നഗർ (സഉൗദി അറേബ്യ) തുടങ്ങിയവർ സംബന്ധിച്ചു.
റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ
ജെയ്സലിന് ഐസിഎഫ് വീട് നിർമിച്ചു നൽകും
12:19 AM Aug 21, 2018 | Deepika.com