മലപ്പുറം : ഏക മാനവികതയും മനുഷ്യ സാഹോദര്യവും ഉദ്ഘോഷിക്കുന്ന സൗഹൃദത്തിന്റെ തുരുത്തുകൾക്ക് ശക്തി പകരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ അഭിപ്രായപ്പെട്ടു. ഖത്തറിലെ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുനാൾ നിലാവിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കാങ്ങര നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ ആദ്യ പ്രതി ഏറ്റുവാങ്ങി. ആഘോഷാവസങ്ങളെ സമൂഹത്തിന്റെ സാമൂഹ്യാന്തരീക്ഷം മെച്ചപ്പെടുത്തുവാൻ പ്രയോജനപ്പെടുത്തുക എന്നത് ഒരു പുണ്യപ്രവർത്തിയാണെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ സ്നേഹവും സൗഹാർദവും ഉൗട്ടിയുറപ്പിക്കാനും പരസ്പരം ഒത്തൊരുമയോട് കൂടി മുന്നോട്ടുപോകുവാനും സഹായകമാവുന്ന സാഹചര്യങ്ങൾ ഒരുക്കാനാണ് പെരുനാൾ നിലാവ് ഉദ്ദേശിക്കുന്നതെന്നും കേരളത്തിനകത്തും പുറത്തും ഇതിന് ലഭിക്കുന്ന സ്വീകാര്യത വളരെ പ്രതീക്ഷാനിർഭരമാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ടി.കുഞ്ഞാലി, മുഹമ്മദ് റഫീഖ് വടക്കാങ്ങര, അഫ്സൽ കിളയിൽ, ശറഫുദ്ധീൻ തങ്കയത്തിൽ, സിയാഹുറഹ്മാൻ മങ്കട, കുഞ്ഞിമുഹമ്മദ് കൂരിമണ്ണിൽ സംബന്ധിച്ചു.
സൗഹൃദത്തിന്റെ തുരുത്തുകൾക്ക് ശക്തി പകരുക : മഞ്ഞളാംകുഴി അലി എംഎൽഎ
12:10 AM Aug 21, 2018 | Deepika.com