മലയാളി അസോസിയേഷന്‍ ഓഫ് റോക് ലാന്‍ഡ് കൗണ്ടി ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി

10:34 PM Aug 16, 2018 | Deepika.com
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക് ലാന്‍ഡ് കൗണ്ടി ( MARC) ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചതായി പ്രസിഡന്‍റ് മാത്യു മാണി അറിയിച്ചു.

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി, അവര്‍ക്കുവേണ്ട സഹായമെത്തിക്കാന്‍ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി ആ തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണെന്ന് മാത്യു മാണി പറഞ്ഞു.

ന്യൂയോര്‍ക്ക് എമ്പയര്‍ റീജണിലുള്ള സാംസ്കാരിക സംഘടന എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ്. "ഐ ഫോര്‍ ദി ബ്ലൈന്‍ഡ്' പ്രോഗ്രാമില്‍ കൂടി മാർക്ക് ഇതിനോടകം നൂറു കണക്കിനു നിർധനര്‍ക്ക് കാഴ്ചശക്തി വീണ്ടെടുക്കുവാനുള്ള പ്രക്രിയയില്‍ ഭാഗഭാക്കായിട്ടുണ്ട്. പാലായിലെ പൈക കണ്ണാശുപത്രിയുമായി സഹകരിച്ചു ഈ പ്രവര്‍ത്തനങ്ങള്‍ ഇന്നും അഭംഗുരം തുടര്‍ന്നു വരുന്നു.

ഓണാഘോഷത്തോടനുബന്ധിച്ചു നടത്തുവാന്‍ തീരുമാനിച്ചിരുന്ന കുട്ടികളുടെ കലാപരിപാടികള്‍ നവംബറില്‍ കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുമെന്നും മാത്യു മാണി അറിയിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍