ഉമർ ഖാലിദിന് നേരെയുള്ള ആക്രമണം രാജ്യത്തിന് കളങ്കം

08:41 PM Aug 16, 2018 | Deepika.com
ജിദ്ദ: സ്വാതന്ത്ര്യ ദിനാഘോഷത്തിന് രണ്ടു ദിവസം മുന്പ് ഡൽഹിയിലെ അതീവ സുരക്ഷാ മേഖയിൽ വച്ച് ജെ എൻ യു വിദ്യാർഥി ഉമർ ഖാലിദിന് നേരെയുള്ള ആക്രമണം ദുരൂഹമാണെന്നും ഇന്ത്യയെ വീണ്ടും അപമാനിതമാക്കുന്ന ഈ ചെയ്തിക്ക് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നും കലാലയം സാംസ്കാരിക വേദി, ഗൾഫ് ആവശ്യപ്പെട്ടു.

കൈതോക്കുമായി കോൻസ്റ്റിറ്റ്യൂഷൻ ക്ളബിനു മുന്നിൽ വരാൻ മാത്രം അക്രമിയെ പ്രേരിപ്പിച്ചതിനു പിന്നിൽ ധൈര്യം നൽകുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. ഉമർ ഖൗഫ് സെ ആസാദി (ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം) എന്ന പരിപാടിയിൽ പങ്കെടുക്കുന്നത് ആരെയാണ് ഭയപ്പെടുത്തുന്നത്? ഫാസിസ്റ്റ് ശക്തികളുടെ മനുഷ്യത്വ വിരുദ്ധ നിലപാടുകൾക്കെതിരെ വിയോജിപ്പിന്‍റെ ശബ്ദമുയർത്തുന്നവരെ നിറയൊഴിച്ച് പേടിപ്പിക്കുന്നത് രാജ്യത്ത് വിലപ്പോകില്ല. രാജ്യത്തെ മുഴുവൻ പൗരന്മാരും ജനാധിപത്യ വിശ്വാസികളും ഇത്തരം ഭീകരതക്കെതിരെ രംഗത്ത് വരണമെന്നും രാജ്യത്തിന്‍റെ അഖണ്ഡത കാത്ത് സൂക്ഷിക്കുന്നതിനുവേണ്ടിയുള്ള ഏത് പ്രവർത്തനങ്ങൾക്കും പിന്തുണ നല്കണമെന്നും കലാലയം സാംസ്കാരിക വേദി അഭ്യർഥിച്ചു.

രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാസിസമാണെന്നും ഭരണ കൂടത്തിന്‍റെ സമ്മതത്തോടെ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ ഇന്ത്യൻ ജനത ശക്തമായ പ്രതികരിക്കേണ്ട സമയമാണിതെന്നും സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് നൗഫൽ എറണാകുളം പറഞ്ഞു. തൽഹത് കൊളത്തറ അധ്യക്ഷത വഹിച്ചു. സൽമാൻ വെങ്ങളം, ബഷീർ തൃപ്രയാർ,റഷീദ് പന്തല്ലൂർ,ആഷിഖ് സഖാഫി എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ