ആർ എസ് സി അന്താരാഷ്ട്ര യുവജനദിനം ആചരിച്ചു

11:13 PM Aug 14, 2018 | Deepika.com
ജിദ്ദ : യൗവനം ഓൺലൈൻ വൽക്കരിക്കപ്പെടുന്നതും വായനയുടെ കുറവും യുവത്വം നേരിടുന്ന വെല്ലുവിളികളാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മാളിയേക്കൽ സുലൈമാൻ സഖാഫി. അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആർ എസ് സി ചർച്ചാ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലഹരണപ്പെട്ട വിദ്യഭ്യാസമാണ് യൗവനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭാവി തലമുറക്കു വേണ്ടി നാം ഇപ്പോൾ നൽകി കൊണ്ടിരിക്കുന്ന വിദ്യഭ്യാസം കാലഹരണപ്പെട്ടതാണ്. ഇതുകാരണം പുതിയ തലമുറ ഇപ്പോഴും അനുദിനം നിരക്ഷരരായി മാറിക്കൊണ്ടിരിക്കുന്നു . നാടിന്‍റെ സാംസ്‌കാരിക ഊർജത്തെ മുന്നോട്ടു കൊണ്ട് പോവേണ്ട യുവത്വം നിരക്ഷരരായി തീരുന്നതുമൂലം ഭാവി തലമുറ നേരിടേണ്ടി വരുന്നത് വലിയ ദുരന്തമാണ്. ഫ്യൂചർ എഡ്യൂക്കേഷനെ (ഭാവി വിദ്യഭ്യാസം) കുറിച്ച് വ്യക്തമായ കാഴ്ചപ്പാടോടെ വളർന്നു വരുന്ന യുവ തലമുറയിൽ മാത്രമെ പ്രതീക്ഷ ഉള്ളൂ എന്നും സംഗമം അഭിപ്രയപ്പെട്ടു.

റിസാല സ്റ്റഡി സർക്കിൾ സെൻട്രൽ കൺവീനർ മൻസൂർ ചുണ്ടമ്പറ്റ കീനോട്ട് അവതരിപ്പിച്ചു, നിരന്തരം പൈങ്കിളി വത്കരിച്ചു കൊണ്ടിരിക്കുന്ന പൊതു മനസിനെ രാഷ്ട്രീയവത്കരിക്കലാണ് ഇന്നത്തെ വലിയ സാംസ്‌കാരിക ദൗത്യം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .

ഫൈറൂസ് വെള്ളില അധ്യക്ഷത വഹിച്ചു . കെ എ റഷീദ് വേങ്ങര ചർച്ച നിയന്ത്രിച്ചു. മുസ്തഫ പെരുവള്ളൂർ ,സുഹൈൽ ഈത്തച്ചിറ, ഫൈസൽ കരുളായി, ഹാഷിം മലപ്പുറം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ